ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായക പദവിയില്‍ നിന്ന് പുറത്താക്കിയതിന് ടീം ഉടമകള്‍ കാരണം അറിയിച്ചില്ലെന്ന് ഓസ്‌ട്രേലിയക്കാരനായ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഐപിഎല്ലിന്റെ ഇന്ത്യാ പാദത്തിനിടെ സണ്‍റൈസേഴ്‌സിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്ന് വാര്‍ണറെ ഒഴിവാക്കി പകരം ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ് ചുമതല നല്‍കിയിരുന്നു.
സണ്‍റൈസേഴ്‌സിന്റെ നായകസ്ഥാനത്തു നിന്ന് മാറ്റിയതിനുള്ള കാരണം ഫ്രാഞ്ചൈസി ഉടമകള്‍ എന്നോട് വിശദീകരിച്ചില്ല. മോശം ഫോമിന്റെ പേരിലാണെങ്കില്‍ അതല്‍പ്പം പ്രയാസകരമാണ്. കാരണം മുന്‍കാലത്ത് ചെയ്ത കാര്യത്തിന് കാലം പിന്നിടുമ്പോഴും മൂല്യം നല്‍കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു- വാര്‍ണര്‍ പറഞ്ഞു.
ഹൈദരാബാദിനുവേണ്ടി നൂറോളം മത്സരം കളിച്ചയാളാണ് ഞാന്‍. ഐപിഎല്‍ സീസണില്‍ ചെന്നൈയില്‍ നടന്ന അഞ്ച് മത്സരങ്ങളില്‍ നാലിലും നല്ല പ്രകടനത്തിന് സാധ്യമായില്ല. എങ്കിലും ഫ്രാഞ്ചൈസി ഉടമകളുടെ തീരുമാനം ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളതാണ്. ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ ഇനിയും അവശേഷിക്കുന്നു. എങ്കിലും മുന്നോട്ടുപോകേണ്ടതുണ്ടെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.