ബ്രയാന്‍ ലാറയുടെ 400* എക്കാലത്തെയും ഒരു സെല്‍ഫിഷ് ഇന്നിംഗ്‌സ് ആയിരുന്നോ…??
2004ലെ ആ ഏപ്രില്‍ മാസത്തില്‍ ആന്റിഗ്വയിലെ സെന്റ് ജോണ്‍സില്‍ വെച്ച് സന്ദര്‍ശകരായ ഇംഗ്ലണ്ടും ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള നാലാമത്തെയും, പരമ്പരയിലെ അവസാനത്തേതുമായ ടെസ്റ്റ് മത്സരം ആരംഭിക്കുമ്പോള്‍.., ഇതിനോടകം ആദ്യ മൂന്ന് മത്സരങ്ങളിലും ആധികാരിക ജയം നേടി വരുന്നവരായിരുന്നു സന്ദര്‍ശക ടീം. ഇവിടെയും ജയവും, ഒപ്പം പരമ്പര വൈറ്റ് വാഷും ലക്ഷ്യമിട്ടാണ് സന്ദര്‍ശക ടീം കടന്ന് വരുന്നതും.
ആ സമയമാവട്ടെ.., ക്യാപ്റ്റന്‍ പരിവേഷത്തില്‍ പരമ്പര നഷ്ടപ്പെട്ട ദുഃഖത്തിലും, ബാറ്റിംഗിലെ മോശം ഫോമിനാലും കടുത്ത സമ്മര്‍ദ്ദത്തില്‍ നില്‍ക്കുകയായിരുന്ന ബ്രയാന്‍ ലാറ.!
അതുവരേക്കും നടന്ന ആദ്യ മൂന്ന് മല്‍സരങ്ങളിലെ 6 ഇന്നിംഗ്‌സുകളിലായി ആകെ നേടിയിരിക്കുന്നത് 100 റണ്‍സുകള്‍ മാത്രമായിരുന്നു. 2 തവണ പൂജ്യത്തിന് പുറത്തായതൊപ്പം ഒറ്റ ഇന്നിങ്‌സില്‍ പോലും ഒരു അര്‍ദ്ധ സെഞ്ചുറി പോലും നേടിയിട്ടുമില്ലായിരുന്നു.
ആന്റിഗ്വയില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ പ്രാചീന എതിരാളികള്‍ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു (അതിന് മുന്നേ നടന്ന മൂന്ന് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്തെങ്കിലും വെസ്റ്റ് ഇന്‍ഡീസിന് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഇവിടെയും ആദ്യം ബാറ്റ് ചെയ്യാന്‍ കുറച്ച് മടി ഉണ്ടായതായി അതേകുറിച്ചു ലാറ പിന്നീട് വെളിപ്പെടുത്തിയിരുന്നു. പക്ഷെ, ആദ്യം ബാറ്റ് ചെയ്യുകയല്ലാതെ മറ്റെന്തെങ്കിലും ചെയ്യല്‍ അസാധ്യമാണെന്ന് പിച്ചിലേക്ക് നോക്കുമ്പോള്‍ തനിക്ക് തോന്നിയെന്നും ലാറ അതോടൊപ്പം പറയുകയുണ്ടായി).
മത്സരം തുടങ്ങിയപ്പോഴവട്ടെ, വെസ്റ്റ് ഇന്‍ഡീസിനായി 10 റണ്‍സ് എടുത്ത ഡാരന്‍ ഗംഗ തുടക്കത്തില്‍ തന്നെ പുറത്ത് പോയതിന് പിന്നാലെ ക്രീസിലേക്ക് വരുന്ന ലാറ! സ്റ്റീവ് ഹര്‍മിസനെതിരെ നേരിട്ട ആദ്യ പന്ത് തന്നെ ഒരു lbw അപ്പീലില്‍ നിന്നും, അതുകഴിഞ്ഞ് നാലാം പന്ത് ഒരു ക്യാച്ചെന്ന് തോന്നിപ്പിക്കും വിധം ഒരു പരുക്കനായ അപ്പീലില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യുന്ന ലാറ. എന്നാല്‍., പിന്നീടങ്ങോട്ട് ഏകാഗ്രത കൈവരിച്ചു കൊണ്ട് ഇന്നിങ്സിനെ സുന്ദരമായി ചലിപ്പിച്ച് മുന്നോട്ട് പോകുന്ന ലാറയും. കൂട്ടിന് ആക്രമണ ബാറ്റിങ്ങുമായി മറു തലക്കല്‍ ക്രിസ് ഗെയിലിന്റെ സാനിധ്യവുമുണ്ടായിരുന്നു. അങ്ങനെ, ആദ്യ ദിനം മോശം കാലാവസ്ഥയെ തുടര്‍ന്ന് നേരത്തെ അവസാനിക്കുമ്പോള്‍ തന്റെ അക്കൗണ്ടിലേക്ക് 86* റണ്‍സ് ചേര്‍ത്ത് നില്‍ക്കുന്ന ലാറ. ആ സമയം ക്രീസില്‍ കൂട്ടിന് രാം നരേശ് സര്‍വനും, ടോട്ടല്‍ സ്‌കോര്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സും.
റണ്‍സുകള്‍ക്ക് പഞ്ഞമില്ലാതെ രണ്ടാം ദിനം വെസ്റ്റ് ഇന്‍ഡീസ് ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 595 റണ്‍സും, ട്രിപ്പിള്‍ സെഞ്ചുറിയും കടന്ന് ലാറ 313* ലേക്കും എത്തിയിരിക്കുന്നു…. ഫോം നഷ്ടപ്പെട്ട തന്നെ ക്രൂശിച്ചവരെ ഞെട്ടിച്ചുകൊണ്ട് ആ ഈസ്റ്റര്‍ ദിനത്തില്‍ ലാറ ചാരത്തില്‍ നിന്നും എഴുന്നേറ്റിരിക്കുന്നു. അപ്പോള്‍ കൂട്ടിനുണ്ടായിരുന്നത് വിക്കറ്റ്-കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഡ്‌ലി ജേക്കബ്‌സും. ആ ദിവസത്തില്‍ ലാറയുടെ ബാറ്റിങ്ങിലെ ഏകാഗ്രത കൂടുതല്‍ ശ്രദ്ധേയവുമായിരുന്നു….
മൂന്നാം ദിവസം മത്സരമാരഭിച്ചപ്പോള്‍ ഉച്ച ഭക്ഷണത്തിന് തൊട്ടുമുന്നോടിയായി മാത്യു ഹെയ്ഡന്റെ റെക്കോര്‍ഡിനൊപ്പമെത്തുന്ന ലാറ. അന്നേരം പവലിയനില്‍ നിന്നും വിവ് റിച്ചാര്‍ഡ്സ് ലാറക്ക് നേരെ കൈ വീശി കാണിക്കുന്നു.., ഗാലറികളില്‍ എങ്ങും കയ്യടികള്‍…. തൊട്ടടുത്ത പന്ത് തന്നെ ഒരു സ്വീപ് ഷോട്ടിലൂടെ ബൗണ്ടറി കടത്തി തന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് പേരിലാക്കിയിരുന്ന ഓസ്‌ട്രേലിയക്കാരന്റെ 185 ദിവസങ്ങള്‍ മാത്രം പിന്നിട്ടിരുന്ന റെക്കോര്‍ഡ് വീണ്ടും തന്റെ പേരിലാക്കുന്നു…. ഗാലരികളില്‍ ആരാധകര്‍ പരമ്പരാഗത ബാറ്റ് മേളങ്ങള്‍ക്കൊപ്പം ചുവട് പിടിച്ച് ആര്‍ത്തിറമ്പി… ആഹ്ലാദത്താല്‍ ലാറ വായുവില്‍ ഉയര്‍ന്ന് ചാടി ആഘോഷിച്ച ശേഷം പിച്ചില്‍ മുട്ടുകുത്തി ചുംബിച്ചു. എന്നിട്ട് ഗാലറിയില്‍ ചുറ്റുമുള്ള നാട്ടുകാര്‍ക്ക് മുന്നില്‍ ബാറ്റുയര്‍ത്തി അഭിവാദ്യം ചെയ്തു. നാട്ടുകാരനായ ഗാരി സോബോഴ്‌സിന്റെ പേരിലുണ്ടായിരുന്ന ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായിരുന്ന 365* റണ്‍സിനെ മറികടന്ന 375 റണ്‍സ് നേടിയ അതേ മൈതാനിയില്‍ വെച്ച്, അതേ എതിരാളികള്‍ക്കെതിരെ വീണ്ടുമൊരിക്കല്‍ കൂടി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡ് ലാറ സ്വന്തം പേരില്‍ തന്നെയാക്കിയിരിക്കുന്നു.
അധികം വൈകാതെ ഉച്ച ഭക്ഷണ ശേഷം 400 എന്ന മാന്ത്രിക സംഖ്യയിലും ലാറ എത്തി. എങ്കിലും അമിതാഹ്ലാദമില്ലാതെ, ശാന്തമായി ഒരു പുന്‍ചിരിയോടെ മാത്രം ബാറ്റുയര്‍ത്തി കാണികള്‍ക്ക് നേരെ അഭിവാദ്യം ചെയ്യുന്നു. സെന്റ് ജോണില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍, ബാറ്റിംഗ് മാസ്‌ട്രോ തന്റെ കഴിവ് എന്താണെന്ന് ഒരിക്കല്‍ക്കൂടി ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുത്തിരിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റാര്‍ക്കുമില്ലാത്ത 400 എന്ന അത്ഭുദ സംഖ്യ ലാറ പൂര്‍ത്തീകരിച്ചിരിക്കുന്നു. 582 പന്തുകള്‍ നേരിട്ട് 70ന് മുകളില്‍ സ്ട്രൈക്ക് റൈറ്റോടെ(ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ചു നോക്കുമ്പോള്‍ ഇത് വേഗതയുള്ള സ്‌കോറിങ് ആണ്) 400 റണ്‍സ്! അതില്‍ 43 ബൗണ്ടറികളും, 4 സിക്‌സറുകളും ആ ഇന്നിങ്‌സിന് നിറപ്പകിട്ടേറുന്നു.
ലാറക്ക് പിന്തുണയേകിയ റിഡ്‌ലി ജേക്കബ്‌സിന്റെ പുറത്താകാതെ നേടിയ സെഞ്ചുറി ഇന്നിംഗ്സും ആ ദിവസത്തെ സവിശേഷതയായിരുന്നു. റെക്കോര്‍ഡ് നേട്ടത്തിന് ശേഷം ഡിക്ലയര്‍ ചെയ്തതോടെ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 5 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 751 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ മറുപടിയിലെ ആദ്യ ഇന്നിംഗ്സില്‍ 285 റണ്‍സ് മാത്രമേ ഇംഗ്ലണ്ടിന് നേടാന്‍ കഴിഞ്ഞുള്ളൂ. ഫോളോ ഓണ്‍ കടമ്പയില്‍ വീണ്ടും ഇംഗ്ലണ്ട് ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും വിന്‍ഡീസ് ബൗളിംഗിന് ഫയര്‍ പവര്‍ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. ക്യാപ്റ്റന്‍ മൈക്കിള്‍ വോന്‍ നേടിയ സെഞ്ചുറി കരുത്തിലൂടെ 5 വിക്കറ്റിന് 422 റണ്‍സും, ആ ടെസ്റ്റ് സമനിലയിലേക്കും വിധിയെഴുതി.
പിന്നീടൊരിക്കല്‍ ഒരു അഭിമുഖത്തിലൂടെ ആ മത്സര ദിനങ്ങളെ കുറിച്ചു ലാറ പറയുന്നു., ‘എന്റെ മനസ്സില്‍ ലോക റെക്കോര്‍ഡ് ഉണ്ടായിരുന്നോ?? ഒരിക്കലും ഇല്ല. അതിനുമുമ്പ് ആറ് ഇന്നിംഗ്സുകളില്‍ 100 റണ്‍സ് മാത്രമുണ്ടായിരുന്ന എനിക്ക് എങ്ങനെ അതിന് കഴിയും?? ഇംഗ്ലണ്ടിനോട് നാല് ടെസ്റ്റ് മത്സരങ്ങളും തോല്‍ക്കാതിരിക്കാനായി ആദ്യം സുരക്ഷിതരായി ബാറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. അത് സംഭവിക്കുമെന്ന് വ്യക്തമായപ്പോള്‍ മാത്രമാണ് പിന്നീട് റെക്കോര്‍ഡ് വീണ്ടെടുക്കാന്‍ കഴിയുമോ എന്നതിലേക്ക് ചിന്തിക്കുന്നത്. പൊതുവെ ഇംഗ്ലീഷ് ബൗളര്‍മാര്‍ ക്ഷീണിതരായി കാണപ്പെട്ട രണ്ടാം ദിവസം. അവസാന സെഷല്‍ മുതല്‍ എല്ലാവരും ഫീല്‍ഡില്‍ കൂടുതല്‍ ക്ഷീണിതരായും കാണപ്പെട്ടു. എന്നാല്‍ അതേ കുറിച്ച് എനിക്ക് ശരിക്കും പറയാനുള്ളത് എന്തെന്നാല്‍…. നിസ്സഹായത, നിരാശ, പരിഭ്രാന്തി എന്നീ വികാരങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകത ഞാന്‍ വര്‍ഷങ്ങളായി പഠിച്ചിട്ടുണ്ടായിരുന്നു. അവ ആ സന്ദര്‍ഭത്തില്‍ ഉപയോഗിക്കുകയും അവയെ പോസിറ്റീവ് ആക്കി മാറ്റുകയും വേണം എന്ന നിശ്ചയവും എനിക്ക് ഉണ്ടായിരുന്നു. അതായിരുന്നു അവിടെ ഞാന്‍ ഉപയോഗിച്ചതും’.
ഒരിക്കല്‍ റിക്കി പോണ്ടിങ് ഈ ഇന്നിങ്‌സിനെ ഒരു സ്വാര്‍ത്ഥ ഇന്നിംഗ്‌സെന്നു ഉദ്ധരിച്ചത് നിങ്ങള്‍ ചിലപ്പോള്‍ കേട്ടിട്ടുണ്ടാകും. അത് ലാറയെ സംബന്ധിച്ചു ഒരു ബാറ്റിംഗ് പരീക്ഷ മാത്രം വിജയിച്ചത് കൊണ്ട് ഈ ഇന്നിംഗ്‌സ് സ്വാര്‍ത്ഥത തോന്നിപ്പിക്കുമെങ്കിലും, വെസ്റ്റ് ഇന്‍ഡീസ് ആ ടെസ്റ്റ് വിജയിച്ചിരുന്നുവെങ്കില്‍ റെക്കോര്‍ഡില്‍ മാത്രമല്ല, എക്കാലത്തെയും ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്സായി അതിലേറെ വാഴ്ത്തുമായിരുന്നു. പ്രത്യേകിച്ചു വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാര്‍ ആ മത്സരത്തില്‍ 20 വിക്കറ്റുകളും വീഴ്ത്തിയിരുന്നുവെങ്കില്‍ ഇതുപോലുള്ള ചോദ്യങ്ങളും ഉണ്ടാവുമായിരുന്നില്ല. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി, ആളുകള്‍ ഈ ഇന്നിംഗ്സിനെ കൂടുതല്‍ കൂടുതല്‍ പ്രകീര്‍ത്തിക്കാനും തുടങ്ങിയിട്ടുണ്ട്. അത് ഒരു ഫ്‌ലാറ്റ് വിക്കറ്റിലാണെങ്കിലും, ഇംഗ്ലീഷ് ബൗളിംഗ് മികച്ചതുമായിരുന്നു…. കൂടാതെ ലാറയില്‍ ഒരു വലിയ സമ്മര്‍ദ്ദവും ഉണ്ടായിരുന്നു എന്നിരിക്കെ തന്നെയും… അതികഠിനമായ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച് നേട്ടങ്ങള്‍ കൈവരിക്കുന്നതിലും, ഉയരുന്നതിലും അപ്പുറം, മറ്റൊരു മഹത്തായ വികാരമില്ല.
എഴുത്ത്: ഷമീല്‍ സലാഹ്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍