ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിൻ്റെ (ജിടി) പരിശീലന സെഷനിൽ ചേരുകയും രണ്ടാം ഘട്ട മത്സരത്തിന് മുന്നോടിയായി സംസ്ഥാന ക്യാമ്പ് ഒഴിവാക്കുകയും ചെയ്ത ഡൽഹി വിക്കറ്റ് കീപ്പർ-ബാറ്റർ അനൂജ് റാവത്തിനെ ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) സെക്രട്ടറി അശോക് ശർമ വിമർശിച്ചു. ജനുവരി 23ന് സൗരാഷ്ട്രയ്‌ക്കെതിരെയാണ് രഞ്ജി ട്രോഫിയുടെ രണ്ടാം ഘട്ട മത്സരങ്ങൾക്ക് ഡൽഹി ഇറങ്ങാൻ ഒരുങ്ങുന്നത്.
ജിടിയുടെ പ്രീ-സീസൺ ക്യാമ്പിൽ ചേരാൻ യാതൊരു അനുവാദവും അനുജ് വാങ്ങിയില്ല എന്നതാണ് അശോക് ശർമ്മ പറഞ്ഞ കാര്യം, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
“ഐപിഎൽ ടീമിൻ്റെ ക്യാമ്പിൽ പങ്കെടുക്കാൻ അനൂജ് ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫി ക്യാമ്പ് ഒഴിവാക്കി. അദ്ദേഹത്തിന് സംസ്ഥാന അസോസിയേഷൻ്റെ അനുമതി വേണം. ഞങ്ങൾക്ക് രണ്ട് രഞ്ജി മത്സരങ്ങൾ ബാക്കിയുണ്ട്, അതിന്റെ ക്യാമ്പ് നടക്കുകയാണ്. പക്ഷെ അനുജ് അനുമതി വാങ്ങാതെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാൻ പോയത്.” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സീസണിൽ, ഇഷാൻ കിഷനും ശ്രേയസ് അയ്യരും അവരവരുടെ സംസ്ഥാനങ്ങളിലെ രഞ്ജി ട്രോഫി മത്സരങ്ങൾ ഒഴിവാക്കിയപ്പോൾ ബിസിസിഐയുടെ അതൃപ്തിക്ക് കാരണമായിരുന്നു. ബോർഡ് സെൻട്രൽ കരാറുകളിൽ നിന്ന് രണ്ട് കളിക്കാരെയും ഒഴിവാക്കുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങൾ നീങ്ങി.
നേരത്തെ ഗുജറാത്ത് ടൈറ്റൻസ് 2025ലെ ഐപിഎല്ലിനുള്ള തയ്യാറെടുപ്പുകൾ സൂറത്തിൽ പരിശീലന ക്യാമ്പോടെ ആരംഭിച്ചതായി പ്രസ് റിലീസിൽ സൂചിപ്പിച്ചിരുന്നു.