കിടുവേ...! ബട്‌ലറിന്റെ 110 മീറ്റര്‍ പറന്ന സിക്‌സര്‍ കണ്ട് കണ്ണുതള്ളി ക്രിക്കറ്റ് ലോകം

സ്റ്റേഡിയത്തിനു പുറത്തേക്കു പറക്കുന്ന പടു കൂറ്റന്‍ സിക്‌സറുകള്‍ ക്രിക്കറ്റില്‍ അനവധി കണ്ടിട്ടുണ്ട്. പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രിദിയും ഇന്ത്യന്‍ താരം എം.എസ് ധോണിയും വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലും ഇത്തരം കൂറ്റന്‍ സിക്സുകള്‍ പറത്തുന്നത് കണ്ട് അന്താളിച്ചിട്ടുള്ളവരാണ് നമ്മളില്‍ പലരും. ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറികെയ്നെതിരെ സിഡ്‌നി തണ്ടേഴ്‌സ് താരം ജോസ് ബട്‌ലറടിച്ച കൂറ്റന്‍ സിക്സാണ് ഒടുവിലായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്.

ബിഗ് ബാഷില്‍ ബട്‌ലറിന്റെ പടുകുറ്റന്‍ സിക്സര്‍ 110 മീറ്റര്‍ പറന്ന് സ്റ്റേഡിയത്തിന്റെ പുറത്ത് വീണു. മത്സരത്തിലെ 11-ാമത്തെ ഓവറിലായിരുന്നു ഈ മാസ്മരിക സിക്സ്. ഈ ഓവറില്‍ നാല് സിക്സുകള്‍ ബട്‌ലര്‍ അടിച്ചുകൂട്ടി. ഹൊബാര്‍ട്ട് ഹറികെയ്ന്‍ താരം തോമസ് റോജേഴ്സിന്റെ ഓവറിലായിരുന്നു ബട്‌ലറിന്റെ സംഹാരതാണ്ഡവം.35 പന്തില്‍ താരം അര്‍ദ്ധശതകം കുറിച്ചു.

ബട്‌ലറിന്റെ മികവില്‍ സിഡ്‌നി തണ്ടേഴ്‌സ് 20 ഓവറില്‍ 166 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിംഗില്‍ ഹൊബാര്‍ട്ട് ഹറികെയ്ന്‍ 109 റണ്‍സില്‍ പുറത്തായതോടെ സിഡ്‌നി 57 റണ്‍സിന് വിജയിച്ചു.