ഐപിഎല്ലില്‍ രണ്ടാം ക്വാളിഫയറില്‍ ചെന്നൈയിനോട് തോറ്റു പുറത്തായ ഡല്‍ഹി ക്യാപിറ്റല്‍സ് നഷ്ടപ്പെടുത്തിയ ആ റണ്ണൗട്ട് അവസരത്തെ കുറിച്ചോര്‍ത്ത് ഇപ്പോള്‍ ശരിക്കും ഖേദിക്കുന്നുണ്ടാകും. മൂന്നാം ഓവറില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിജയത്തിലേക്ക് നയിച്ച ഷെയ്ന്‍ വാട്സണ്‍- ഫാഫ് ഡുപ്ലെസിസ് സഖ്യത്തെ പുറത്താക്കാനുളള സുവര്‍ണാവസരമാണ് ഡല്‍ഹി താരങ്ങള്‍ അശ്രദ്ധ കൊണ്ട് കളഞ്ഞ് കുളിച്ചത്.
ട്രന്റ് ബോള്‍ട്ട് എറിഞ്ഞ ഓവറില്‍ ഡുപ്ലെസിസ് സിംഗിളിനായി രണ്ടടി മുന്നോട്ട് വെച്ചു. അപ്പോഴേക്കും നോണ്‍സ്ട്രൈക്ക് എന്‍ഡില്‍ നിന്നും ഷെയ്ന്‍ വാട്സണ്‍ പിച്ചിന്റെ പകുതിയോളം എത്തിയിരുന്നു. എന്നാല്‍ ഫാഫ് തിരിഞ്ഞ് ഓടി. ഇതോടെ വാട്‌സന്‍ നോണ്‍സ്ട്രൈക്ക് എന്‍ഡിലേക്ക് മടങ്ങി. എന്നാല്‍ പെട്ടെന്ന് തന്നെ ഡുപ്ലസിയും നോണ്‍സ്ട്രൈക്ക് എന്‍ഡിലേക്ക് ഓടി. അതിനിടെ പന്തെടുത്ത ഫീല്‍ഡര്‍ അക്ഷര്‍ പട്ടേല്‍ നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലേക്ക് എറിഞ്ഞു. പന്ത് കൈയിലൊതുക്കിയ കോളിന്‍ മണ്‍റോയ്ക്ക് സ്റ്റമ്പില്‍ ഒന്ന് തട്ടിയാല്‍ മതിയായിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.
മണ്‍റോ നേരെ പന്തെടുത്ത് വിക്കറ്റ് കൂപ്പര്‍ റിഷഭിനെ ലക്ഷ്യമാക്കി എറിഞ്ഞു. എന്നാല്‍ അതിവേഗത്തിലെത്തിയ പന്ത് കൈപിടിയിലൊതുക്കാന്‍ റിഷഭിനായില്ല. ഫലമോ ഉറച്ച റണ്ണൗട്ടില്‍ നിന്ന് ഡുപ്ലസിയും വാട്‌സണും രക്ഷപ്പെട്ടു.
മത്സരത്തില്‍ ഇരുവരും 50 റണ്‍സ് വീതം നേടിയിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 81 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഇതോടെ ചെന്നൈയുടെ ജയം സുഖമമാകുകയും ചെയ്തു.