ഇംഗ്ലണ്ടിന്റെ എയ്‌സ് ബാറ്റർ ജോ റൂട്ട് 2019 ലോകകപ്പിന്റെ വളരെ നാടകീയമായ ഫൈനൽ അനുസ്മരിച്ചു രംഗത്ത് വന്നിരിക്കുന്നു. ഓരോ നിമിഷവും ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ ഫൈനലിൽ ഇംഗ്ലണ്ടാണ് വിജയിച്ചത്. മത്സരം സമനിലയിൽ കലാശിച്ചതിന് ശേശഷം സൂപ്പർ ഓവറും സമനിലയിൽ അവസാനിച്ചു. ഒടുവിൽ മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ടീം ആയ ഇംഗ്ലണ്ട് ജേതാക്കളാവുകയായിരുന്നു. ഇംഗ്ലണ്ട് കപ്പ് നേടിയപ്പോൾ ന്യൂസിലൻറ് മനസ്സ് കീഴടക്കിയെന്ന് അന്നുതന്നെ ആളുകൾ പറഞ്ഞിരുന്നു.
മത്സരം ഇംഗ്ലണ്ട് സ്വന്തമാക്കിയത് ചതിയിലൂടെ ആയിരുന്നു എന്നും നന്നായി കളിച്ച കിവീസിനെ ഭാഗ്യം ചതിക്കുക ആയിരുന്നു എന്നും ആളുകൾ പറഞ്ഞു. ഏറ്റവും കൂടുതൽ ബൗണ്ടറിയടിച്ച ടീം ജയിക്കുമ്പോൾ അതിൽ ഇംഗ്ലണ്ട് ഇന്നിങ്സിന്റെ അവസാന ഓവറിൽ പിറന്ന എക്സ്ട്രാ റൺസും ഓവർ ത്രോയും ഉൾപ്പടെ ആളുകളുടെ മനസിലേക്ക് വരും.
ജോ റൂട്ട് ഈ സംഭവങ്ങൾ അനുസ്മരിക്കുകയും താൻ കണ്ടത് അവിശ്വസനീയമായ കാര്യങ്ങൾ ആയിരുന്നു എന്നും പറയുകയാണ് ഇപ്പോൾ. 30 പന്തിൽ 7 റൺസ് മാത്രം നേടിയ ശേഷം കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെ പന്തിൽ പുറത്തായതിനാൽ റൂട്ടിന് ശുഭകരമായ ഫൈനൽ ഉണ്ടായില്ല എന്നും ശ്രദ്ധിക്കണം.
“ഒരു ഇംഗ്ലണ്ട് കളിക്കാരനെന്ന നിലയിൽ ഞാൻ കളിച്ച ഏറ്റവും നിരാശാജനകമായ ഇന്നിംഗ്‌സുകളിൽ ഒന്നായിരുന്നു ഇത്. ഇപ്പോൾ അതേക്കുറിച്ച് നമ്മൾ സംസാരിക്കും. ആ ഫൈനൽ ജയിക്കാൻ ഞങ്ങൾക്ക് യാതൊരു അർഹതയും ഇല്ലായിരുന്നു. ചിലപ്പോൾ ഭാഗ്യം നിങ്ങൾക്ക് അനുകൂലമായി വരും. അതുകൊണ്ട് നിങ്ങൾ ജയിക്കും ”ലോകകപ്പ് ഫൈനലിനെക്കുറിച്ച് ടെലിഗ്രാഫിനോട് സംസാരിക്കവെ ജോ റൂട്ട് പറഞ്ഞു.
അഹമ്മദാബാദിൽ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും. 2019 ലോകകപ്പിലെ രണ്ട് ഫൈനലിസ്റ്റുകൾ വീണ്ടും കൊമ്പുകോർക്കും എന്നൊരു പ്രത്യേകതയും ഉണ്ട്. എന്തായാലും ഇത്തവണ ബൗണ്ടറി കൗണ്ട് റൂൾ ഇല്ല. ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തിന് ശേഷം ഐസിസി ബൗണ്ടറി കൗണ്ട് നിയമം എടുത്തുകളഞ്ഞു. ഇനി സൂപ്പർ ഓവർ ടൈ ആയാൽ വിജയികളെ നിർണ്ണയിക്കാൻ ടീമുകൾ മറ്റൊരു സൂപ്പർ ഓവർ കളിക്കും.