നിര്‍ണായക മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 6 വിക്കറ്റ് ജയവുമായി രണ്ടാം സ്ഥാനക്കാരായി പ്ലേഓഫില്‍ എത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. നാല് മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റ ശേഷമായിരുന്നു ബാംഗ്ലൂരിനെതിരെ ജയം നേടി ഡല്‍ഹി പ്ലേഓഫില്‍ കേറിയത്. എന്നാല്‍ മത്സരത്തില്‍ 153 വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ഡല്‍ഹി ആറ് പന്ത് ശേഷിക്കെയാണ് ലക്ഷ്യം കണ്ടത്. ഒരു സമയത്ത് ഇതിലും നേരത്തെ ഡല്‍ഹി ജയിക്കുമെന്ന് തോന്നിയെങ്കിലും മത്സരം 19 ഓവര്‍ വരെ നീണ്ടുപോയി. ഇത് നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ബാംഗ്ലൂരിന് ഗുണകരമായി.
നെറ്റ് റണ്‍ റേറ്റിലല്ല, വിജയത്തിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് മത്സരശേഷം ശ്രേയസ് അയ്യര്‍ പറഞ്ഞു. “വളരെ മനോഹരമായ പ്രകടനമായിരുന്നു. രണ്ടാം സ്ഥാനം ലഭിക്കാനുള്ള ജീവന്മരണ പോരാട്ടമായിരുന്നു ഇതെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. നെറ്റ് റണ്‍ റേറ്റിലല്ല, വിജയത്തില്‍ മാത്രമാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. വളരെ പ്രചോദനത്തോടെയാണ് കളിച്ചതും.”
“ബോളര്‍മാര്‍ ടീമിന്റെ പദ്ധതിക്കനുസരിച്ച് ഉയര്‍ന്നു. മനോഹരമായി അവര്‍ അത് പ്രാവര്‍ത്തികമാക്കി. ഇത്തവണത്തെ മികച്ച ടീമുകളിലൊന്നാണ് മുംബൈ. അടിസ്ഥാന കാര്യങ്ങളില്‍ ഉറച്ച് നിന്ന് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചാല്‍ നല്ല ഫലവും ലഭിക്കും” ശ്രേയസ് പറഞ്ഞു. പ്ലേഓഫില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള മുംബൈയാണ് ഡല്‍ഹിയുടെ എതിരാളി.
Read more
ഇന്നലെ ബാംഗ്ലൂരിനെതിരെ നടന്ന മത്സരം 17.3 ഓവറിനകം ഡല്‍ഹി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ബാംഗ്ലൂര്‍ പുറത്തായേനെ (അല്ലെങ്കില്‍ ഹൈദരാബാദ് തോല്‍ക്കണം). എന്നാല്‍ 6 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഡല്‍ഹിയുടെ ജയം. ഇതോടെ 14 മത്സരങ്ങളില്‍ 7 വീതം ജയവും തോല്‍വിയുമുള്ള ബാംഗ്ലൂര്‍ -0.172 റണ്‍ റേറ്റ് കുറിച്ച് ഡല്‍ഹിക്കൊപ്പം പ്ലേഓഫില്‍ പ്രവേശിച്ചു.