ഇഇന്ത്യയുടെ ഫീൽഡിങ് നിലവാരം ഈ കാലഘട്ടത്തിൽ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് എന്നത് അംഗീകരിക്കേണ്ട കാര്യമാണ്. ഇപ്പോഴിതാ ഇന്ത്യയുടെ ക്ലോസ്-ഇൻ ഫീൽഡിംഗ്, പ്രത്യേകിച്ച് സ്ലിപ്പ് ക്യാച്ചിംഗ് നിലവാരം മെച്ചപ്പെടുത്തിയതിന് ഫീൽഡിംഗ് കോച്ച് ടി ദിലീപിനെ ടീം ഇന്ത്യയുടെ ഓഫ് സ്പിന്നർ ആർ അശ്വിൻ അഭിനന്ദിച്ചു രംഗത്ത് വന്നിരിക്കുകയാണ്. രാഹുൽ ദ്രാവിഡിനൊപ്പം പ്രവർത്തിച്ച ദിലീപിന് ഗൗതം ഗംഭീറിൻ്റെ നേതൃത്വത്തിലുള്ള സപ്പോർട്ട് സ്റ്റാഫിൻ്റെ കീഴിലും പുതിയ കരാർ ലഭിക്കുക ആയിരുന്നു.
ചെന്നൈയിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയ 280 റൺസിൻ്റെ വിജയത്തിന് ശേഷം ആർ അശ്വിൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും യശസ്വി ജയ്‌സ്വാളിൻ്റെയും സർഫറാസ് ഖാൻ്റെയും ഫീൽഡിംഗ് മെച്ചപ്പെടുത്തുന്നതിൽ ടി ദിലീപിൻ്റെ പങ്ക് എടുത്തുകാണിക്കുകയും ചെയ്തു. യുവ താരങ്ങൾ ഫീൽഡിംഗ് കോച്ചിനൊപ്പം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അത് ചെന്നൈ ടെസ്റ്റിൽ ക്ലോസ്-ഇൻ മേഖലയിൽ ക്യാച്ചുകൾ എടുത്ത രീതിയിൽ പ്രതിഫലിക്കുന്നുണ്ടെന്നും അശ്വിൻ പറഞ്ഞു.
“ദിലീപ് സാർ ഞങ്ങളുടെ സെലിബ്രിറ്റി ഫീൽഡിംഗ് കോച്ചും സൂപ്പർ സ്റ്റാറുമാണ്,” ആർ അശ്വിൻ പറഞ്ഞു. താരങ്ങളുടെ അഭിപ്രായം സ്വീകരിച്ച ശേഷമാണ് ദിലീപിനെ നിലനിർത്തിയത്. ഏറെ ചർച്ച ചെയ്യപ്പെട്ട ‘ഫീൽഡിംഗ് മെഡലിന്’ പിന്നിലെ മാസ്റ്റർ ബ്രയിനും ദിലീപ് ആയിരുന്നു.
ഈ കാലഘട്ടത്തിൽ ഊർജസ്വലതയോടെ സീനിയർ താരങ്ങളും അവർക്കൊപ്പം യുവതാരങ്ങളും ചേരുന്നതോടെ ഫീൽഡിങ്ങിൽ ഇന്ത്യ ഇന്ന് ലോകോത്തര നിലവാരം പ്രകടിപ്പിക്കുന്നു.