ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറുമായുട്ടുള്ള തന്റെ ആഗാധമായ അത്മബന്ധം വെളിപ്പെടുത്തി പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. തങ്ങളൊരുമിച്ച് കറാച്ചിയില്‍ ഭക്ഷണം കഴിക്കാന്‍ പോലും പോയിരുന്നുവെന്നും ക്രിക്കറ്റിനെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ബട്ട് വെളിപ്പെടുത്തി.
‘അതെ, ഗൗതം ഗംഭീറും ഞാനും വളരെ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒരുമിച്ച് കറാച്ചിയില്‍ ഭക്ഷണം കഴിക്കാന്‍ പോയിട്ടുണ്ട്. ഞങ്ങള്‍ നല്ല ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരുപാട് കാഴ്ചപ്പാടുണ്ട്. ചില കളിക്കാര്‍ മൈതാനത്ത് വളരെ അഗ്രസീവാണ്. അവന്‍ അവരില്‍ ഒരാളാണ്. അത് നല്ലതാണ്, കാരണം ഓരോ കളിക്കാരനും അവരുടേതായ സ്വഭാവം വഹിക്കുന്നു- ബട്ട് പറഞ്ഞു.
ഗൗതം ഗംഭീര്‍ പല അവസരങ്ങളിലും പാകിസ്ഥാനെ പരിഹസിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. കരിയറില്‍ ഇരൂടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പാകിസ്ഥാന്‍ മുന്‍ കളിക്കാരായ കമ്രാന്‍ അക്മല്‍, ഷാഹിദ് അഫ്രീദി എന്നിവരുമായി ഗംഭീര്‍ എപ്പോഴും ചൂടേറിയ ആശയവിനിമയങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
അതോടൊപ്പം, 2023 ലോകകപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങളെയും ബട്ട് തിരഞ്ഞെടുത്തു. ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവരെയാണ് ബട്ട് തിരഞ്ഞെടുത്തത്. നിലവില്‍ മൂന്ന് ബാറ്റര്‍മാരും മികച്ച ഫോമിലാണെങ്കിലും, തോല്‍വിയുടെ വക്കില്‍നിന്നും വിജയം തട്ടിയെടുക്കാനുള്ള കഴിവ് കോഹ്ലിക്കുണ്ടെന്ന് 39 കാരനായ അദ്ദേഹം പറഞ്ഞു.