ആ കാരണം കൊണ്ടാണ് ഞങ്ങൾ തോറ്റത്, അവന്മാർ അത് ചെയ്തിരുന്നെങ്കിൽ...; മത്സരശേഷം കുറ്റപ്പെടുത്തലുമായി ഫാഫ് ഡു പ്ലെസിസ്

നായകനായ ആദ്യ മത്സരത്തിൽ തന്നെ സിഎസ്‌കെയ്‌ക്കൊപ്പം വിജയം നുണഞ്ഞ് ഋതുരാജ് ഗെയ്ക്വാദ് നിന്നപ്പോൾ ആർസിബിക്ക് ഇത്തവണയും ചെന്നൈക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ആയില്ല. ഐപിഎൽ 17ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ആർസിബിക്കെതിരെ സിഎസ്‌കെ ആറ് വിക്കറ്റിന് ജയിച്ചുകയറി. ആർസിബി മുന്നോട്ടുവെച്ച 174 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സിഎസ്‌കെ മറികടന്നു. 15 ബോളിൽ 37 റൺസെടുത്ത രചിൻ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ.

അതേസമയം ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനോട് തോറ്റ ശേഷം റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ബാറ്റിംഗിലെ മോശം പ്രകടനത്തെ കുറ്റപ്പെടുത്തി. 2008 ലെ ആദ്യ സീസണിലാണ് ചെന്നൈ സൂപ്പർ കിങ്സിനെ ചെപ്പോക്കിലെ മണ്ണിൽ അവസാനമായി ആർസിബി പരാജയപെടുത്തുന്നത്. ശേഷം ഇതുവരെ ഒരൊറ്റ മത്സരത്തിൽ പോലും ചെന്നൈക്ക് എതിരെ ജയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല എന്ന നാണക്കേട് ഇന്നലെയും തുടർന്നു. ശിവം ദുബെ 28 ബോളിൽ 34*, രവീന്ദ്ര ജഡേജ 17 ബോളിൽ 25*, ഋതുരാജ് ഗെയ്ക്വാദ് 15 ബോളിൽ 15, അജിങ്ക്യ രഹാനെ 19 ബോളിൽ 27, ഡാരിൽ മിച്ചെൽ 18 ബോളിൽ 22 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ആർസിബിയ്ക്കായി കാമറൂൺ ഗ്രീൻ രണ്ടും യഷ് ദയാൽ, കരൺ ഷർമ എന്നിവർ ഓരോ വിക്കറ്റ് വീതും വീഴ്ത്തി.

മത്സരശേഷം ഫാഫ് പറഞ്ഞത് ഇങ്ങനെയാണ്- “വേഗത്തിൽ വിക്കറ്റ് വീണതോടെ ഞങ്ങൾ തുടക്കം തന്നെ പിന്നിലായി. ഞങ്ങൾക്ക് 15-20 റൺസ് കുറവായിരുന്നു ”അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.“വിക്കറ്റ് ബാറ്റ് ചെയ്യാൻ നല്ലതായിരുന്നു, ടോസ് നേടിയ ശേഷം ഞങ്ങൾ അത് മുതലാക്കിയില്ല. ചെന്നൈ സൂപ്പർ കിംഗ്സ് ഒരു മികച്ച ടീമാണ്, വർഷങ്ങളായി അവർ ഇത് ചെയ്യുന്നു,” ഫാഫ് കൂട്ടിച്ചേർത്തു.

ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിന് ഫാഫ് മികച്ച തുടക്കം നൽകിയെങ്കിലും വിരാട് കോഹ്‌ലി ധാരാളം പന്തുകൾ പാഴാക്കി. ഡു പ്ലെസിസിന് 26 പന്തിൽ 35 റൺസെടുക്കാനായി. കോഹ്‌ലി 20 പന്തിൽ 21 റൺസ് റൺസ് മാത്രമാണ് എടുത്തത്.  25 പന്തിൽ 48റൺസ് നേടിയ അനുജ് റാവത്താണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറർ. ദിനേഷ് കാർത്തിക് 24 പന്തിൽ 34* റൺസെടുത്തു പുറത്താകാതെ നിന്നു. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 57 ബോളിൽ 95 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

Read more

നാലു വിക്കറ്റ് നേടി മുസ്താഫിസുർറഹ്‌മാൻ ചെന്നൈ നിരയിൽ താരമായി. നാല് ഓവറിൽ 29 റൺസ് വിട്ടുനൽകിയാണ് താരം നാല് വിക്കറ്റെടുത്തത്. ദീപക് ചഹാർ ഒരു വിക്കറ്റ് വീഴ്ത്തി.