ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് രാജകീയ വരവ് വീണ്ടും അറിയിച്ചിരിക്കുകയാണ് കങ്കാരുപ്പട. ഫൈനലിൽ എതിരാളികൾ സൗത്ത് ആഫ്രിക്കയാണ്. അവസാന മത്സരത്തിന് ശേഷം ട്രോഫി വിതരണത്തിനായി സുനിൽ ഗവാസ്കറിനെ വിളിക്കാതിരുന്നത് ശരിയായ കാര്യമല്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കിൾ ക്ലാർക്ക്.
മൈക്കിൾ ക്ലാർക്ക് പറയുന്നത് ഇങ്ങനെ:
“ഓസ്‌ട്രേലിയ ഒരു അവസരം നഷ്ടപ്പെടുത്തിയെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യ ജയിച്ചാൽ സുനിൽ ഗവാസ്‌കർ ട്രോഫി സമ്മാനിക്കുമെന്ന് പരമ്പരയ്ക്ക് മുമ്പ് തീരുമാനിച്ചിരുന്നു. ഒപ്പം ഓസ്‌ട്രേലിയ ജയിച്ചാൽ അലൻ ബോർഡർ ആ ബഹുമതി നിർവഹിക്കും. ഇരുവർക്കും കാര്യങ്ങൾ അറിയാമായിരുന്നത് കൊണ്ട് തന്നെ സംഭവം അപ്രതീക്ഷിതമായിരുന്നില്ല”
മൈക്കിൾ ക്ലാർക്ക് തുടർന്നു:
“എൻ്റെ അഭിപ്രായത്തിൽ, ജയ പരാജയം പരിഗണിക്കാതെ ഇരുവരും ഒരുമിച്ച് സ്റ്റേജിൽ ഉണ്ടായിരിക്കണമായിരുന്നു. അവർ രണ്ടുപേരും പുറത്തുപോയി ട്രോഫി സമ്മാനിക്കണമായിരുന്നു. അലൻ ബോർഡറും സണ്ണി ഗവാസ്‌കറും ഒരുമിച്ച് ഒരു വേദിയിൽ ട്രോഫി സമ്മാനിക്കുന്ന അപൂർവ നിമിഷങ്ങൾ ആയിരുന്നേനെ. ട്രോഫിയിൽ പേരുകളുള്ള ഈ രണ്ട് ഇതിഹാസങ്ങളും ഒരേ സ്ഥലത്തു വരികയും, സാന്നിധ്യമറിയിക്കുകയും ചെയ്യുന്നത് അപൂർവ അവസരമാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയ അവിടെ ഒരു അവസരം നഷ്ടപ്പെടുത്തിയെന്ന് ഞാൻ വിശ്വസിക്കുന്നു” മൈക്കിൾ ക്ലാർക്ക് പറഞ്ഞു.