വനിത ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായി നേടിയ മിന്നും ജയത്തില്‍ പ്രതികരിച്ച് ഓസീസ് ഓള്‍റൗണ്ടര്‍ ആഷ്‌ലീ ഗാര്‍ഡ്‌നര്‍. മത്സരത്തില്‍ ഒരുഘട്ടത്തില്‍ തങ്ങള്‍ക്ക് ജയിക്കാന്‍ അവകാശമില്ലായിരുന്നു എന്ന് ആഷ്‌ലി പറഞ്ഞു. എന്നാല്‍ സമയാമസയങ്ങളില്‍ വിക്കറ്റ് വീഴ്ത്താനായത് കളിയുടെ ഗതിനിര്‍ണയിച്ചെന്നും താരം വിലയിരുത്തി.
ഇന്ത്യയുടെ ബാറ്റിംഗ് ഇന്നിംഗ്സിലെ ആദ്യ 10 ഓവറിലെത്തിയപ്പോള്‍ എല്ലാവരും ഞങ്ങളെ എഴുതിത്തള്ളിയിരിക്കാമെന്ന് ഞാന്‍ കരുതുന്നു. ഇന്ന് ഞങ്ങള്‍ക്ക് അവിടെ ഒരു ഘട്ടത്തില്‍ വിജയിക്കാന്‍ അവകാശമില്ലായിരുന്നു. അവര്‍ കുതിച്ചുകയറുകയായിരുന്നു. പിന്നീട് കുറച്ച് വിക്കറ്റുകള്‍ നേടാനുള്ള വഴി ഞങ്ങള്‍ കണ്ടെത്തി. ഒടുവില്‍ മികച്ച നിലയില്‍ എത്തി- ആഷ്‌ലീ ഗാര്‍ഡ്‌നര്‍ പറഞ്ഞു.
ഓസ്‌ട്രേലിയയ്ക്കെതിരായ സെമിഫൈനല്‍ മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ഇന്ത്യന്‍ വനിതകളുടെ തോല്‍വി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്‌സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ അവസാനിച്ചു.
അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (34 പന്തില്‍ 52 റണ്‍സ്), ജെമീമ റോഡ്രിഗസ് (24 പന്തില്‍ 43), ദീപ്തി ശര്‍മ (17 പന്തില്‍ 20*) എന്നിവര്‍ പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല.