'ഞങ്ങള്‍ക്ക് അല്‍പ്പം ധൃതി കൂടിപ്പോയി'; സിംബാബ്‌വെയ്‌ക്കെതിരായ തോല്‍വിയില്‍ ഗില്‍

സിംബാബ്‌വെ പര്യടനത്തിന് യുവനിരയുമായി പോയ ഇന്ത്യന്‍ ടീം ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരിക്കുകയാണ്. 116 എന്ന ചെറിയ വിജയലക്ഷ്യം പോലും താണ്ടാന്‍ കെല്‍പ്പില്ലാതെ ഇന്ത്യന്‍ യുവനിര 102 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയുടെ യുവബാറ്റര്‍മാര്‍ ബിഗ് ഷോട്ടുകള്‍ കളിക്കാന്‍ ആവേശംകാട്ടി വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. ഇപ്പോഴിതാ ടീമിന്റെ പരാജയ കാരണം വിലയിരുത്തിയിരിക്കുകയാണ് നായകന്‍ ശുഭ്മാന്‍ ഗില്‍.

ഞങ്ങള്‍ വളരെ നന്നായാണ് പന്തെറിഞ്ഞത്. ബാറ്റിംഗില്‍ അല്‍പ്പം ധൃതി കാട്ടിയതാണ് തിരിച്ചടിയായത്. സമയമെടുത്ത് ബാറ്റിംഗ് ആസ്വദിക്കണമെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. എന്നാല്‍ പാതിവഴിയില്‍ ഞങ്ങള്‍ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി.

ആരെങ്കിലും അവസാനം വരെ നിന്നിരുന്നെങ്കില്‍ മത്സരം ഞങ്ങള്‍ക്ക് അനുകൂലമായി വരുമായിരുന്നു. ഞാന്‍ പുറത്തായത് വളരെ നിരാശപ്പെടുത്തുന്ന രീതിയിലാണ്. 115 റണ്‍സ് പിന്തുടരുമ്പോള്‍ ഓള്‍ഔട്ടാവുകയെന്നത് ടീമില്‍ പിഴവുണ്ടെന്നാണ് സൂചിപ്പിക്കുന്നത്- മത്സരശേഷം ഗില്‍ പറഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ, നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. രവി ബിഷ്ണോയ് ഇന്ത്യക്കായി നാല് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 19.5 ഓവറില്‍ 102 റണ്‍സിന് പുറത്തായി. 9 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 31 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.