ടീം ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി റബാഡ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പര കൈവിട്ടതിന് പിന്നാലെ ടീം ഇന്ത്യയുടെ ബാറ്റിംഗ് ശൈലിയെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ കഗിസോ റബാഡ. കോഹ്ലിയെ മാത്രം ആശ്രയിച്ചാണ് ടീം ഇന്ത്യ ബാറ്റ് ചെയ്യുന്നതെന്നും ഇതാണ് ഇന്ത്യയുടെ തോല്‍വികള്‍ക്ക് കാരണമെന്നും റബാഡ തുറന്ന് പറയുന്നു.

“ഇന്ത്യന്‍ സംഘത്തില്‍ മികച്ച കളിക്കാരുണ്ട്. പക്ഷെ അവര്‍ കോഹ്ലിയെ കൂടുതലായി ആശ്രയിക്കുന്നു. ഞങ്ങളുടെ ബാറ്റിംഗ് നിരയില്‍ രണ്ടോ അതിലധികമോ താരങ്ങളെ ആശ്രയിക്കുമ്പോള്‍ ഇന്ത്യ ഒരേയൊരു താരത്തിന്റെ പ്രകടനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു””, റബാഡ പറഞ്ഞു.

മൂന്നാം ടെസ്റ്റിലും തോല്‍പിച്ച് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും റബാഡ പറയുന്നു. “ഫാസ്റ്റ് ബോളിംഗിനെ എങ്ങിനെ നേരിടണമെന്ന് ഞങ്ങള്‍ക്കറിയാം. അവരുടെ ആക്രമണങ്ങള്‍ ഫലം കാണാതെ പോയപ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ കൈയ്യടി ലഭിച്ചു. ഓരോ മത്സരവും ജയിക്കാന്‍ വേണ്ടിയുളളതാണ്. മൂന്നാം ടെസ്റ്റിലും വിജയം ദക്ഷിണാഫ്രിക്കയ്ക്ക് തന്നെയാകും””, റബാഡ പറഞ്ഞു.

അതേസമയം ഇന്ത്യന്‍ പേസ് ബോളിംഗിനെ അഭിനന്ദിക്കാനും റബഡ മറന്നില്ല. ബുമ്ര മികച്ച താരമാണ്. മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും ചേരുമ്പോള്‍ ഇന്ത്യന്‍ പേസ് ആക്രമണത്തിന് വൈവിധ്യ ശേഷിയുണ്ടെന്നും റബാഡ പറഞ്ഞു.

വിരാട് കോഹ്ലിയേയും റബാഡ് പ്രശംസകൊണ്ട് മൂടി. കോഹ്ലി ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും അദ്ദേഹത്തിനെതിരെ പന്തെറിയുന്നത് ഏറെ ആസ്വദിക്കുന്നതായും ദക്ഷിണാഫ്രിക്കന്‍ തീപ്പൊരു ബൗളര്‍ പറയുന്നു.

ജൊഹന്നാസ് ബര്‍ഗില്‍ ഈ മാസം 24നാണ് മൂന്നാം ടെസ്റ്റ്. നേരത്തെ ആദ്യ ടെസ്റ്റില്‍ 72 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ 135 റണ്‍സിനും ഇന്ത്യ തോറ്റിരുന്നു.