ബ്രിസ്‌ബേനിലെ ഗാബയിൽ നടന്ന മൂന്നാം ബോർഡർ-ഗവാസ്‌കർ പരമ്പര ടെസ്റ്റിന് ശേഷം രവിചന്ദ്രൻ അശ്വിൻ്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് അറിഞ്ഞ വാർത്തയെക്കുറിച്ച് രവീന്ദ്ര ജഡേജ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ ഒരു മത്സരത്തിന്റെ മാത്രം ഭാഗമായ താരം വിരമിക്കൽ പ്രഖ്യാപിക്കുക ആയിരുന്നു.
മൂന്നാം ടെസ്റ്റിൽ അശ്വിന് പകരം പ്ലെയിംഗ് ഇലവനിൽ ഇടംനേടിയ ജഡേജ, മഴ പെയ്ത അവസാന ദിനത്തിൽ ഒരുമിച്ചുണ്ടായിട്ടും അശ്വിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും വിരമിക്കൽ സൂചന കിട്ടിയിരുന്നില്ല എന്നും സമ്മതിച്ചു. ഈ ജോഡി ഒരു ദശാബ്ദത്തിലേറെയായി ഒരുമിച്ച് പന്തെറിയുകയും ഇന്ത്യയുടെ അഭിമാനകരമായ ഹോം സ്ട്രീക്കിൽ ഒരു വലിയ പങ്ക് വഹിക്കുകയും ചെയ്തു.
മൂന്നാം ടെസ്റ്റിന് ശേഷം ഡ്രസിങ് റൂമിൽ ഇരുന്ന അശ്വിൻ കോഹ്‌ലിയുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിരമിക്കൽ വാർത്ത പുറത്തുവന്നത്. വാർത്താസമ്മേളനത്തിൽ രോഹിത്തിന് ഒപ്പം ഇരുന്ന അശ്വിൻ വിരമിക്കൽ വാർത്ത പ്രഖ്യാപിക്കുക ആയിരുന്നു.
ജഡേജ പറഞ്ഞത് ഇങ്ങനെ:
“അവസാന നിമിഷത്തിലാണ് ഞാൻ റിട്ടയർമെൻ്റിനെക്കുറിച്ച് അറിഞ്ഞത്. വാർത്താസമ്മേളനത്തിന് അഞ്ച് മിനിറ്റ് മുമ്പ്. അത് ഞെട്ടിക്കുന്നതായിരുന്നു. ഞങ്ങൾ ദിവസം മുഴുവൻ ഒരുമിച്ച് ചെലവഴിച്ചു, അവൻ എനിക്ക് ഒരു സൂചന പോലും നൽകിയില്ല. അശ്വിൻ്റെ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. ഞങ്ങൾ നിരവധി വർഷങ്ങളായി ബൗളിംഗ് പങ്കാളികളാണ്.”
ആഭ്യന്തര തലത്തിലും ഇന്ത്യൻ പ്രീമിയർ ലീഗിലും (ഐപിഎൽ) കളിച്ച് തൻ്റെ കരിയറിൻ്റെ സായാഹ്ന വർഷങ്ങളിൽ ഒരു ക്രിക്കറ്റ് കളിക്കാരനായി തുടരാൻ തന്നെയാണ് തന്റെ തീരുമാനം എന്നാണ് അശ്വിൻ പറഞ്ഞിരിക്കുന്നത്.