'നിന്നെ ഞങ്ങള്‍ കൊല്ലും, കെട്ടിത്തൂക്കും', സ്വന്തം കാണികളുടെ തന്നെ നാക്കിന്‍റെ ചൂടറിഞ്ഞ വിന്‍ഡീസ് നായകന്‍

ഷെമിന്‍ അബ്ദുള്‍മജീദ്

‘ നിന്നെ ഞങ്ങള്‍ കൊല്ലും, നിന്നെ ഞങ്ങള്‍ കെട്ടിത്തൂക്കും.’ ടോസിന് വേണ്ടി ഗ്രൗണ്ടിലേക്ക് ഇറങ്ങിയ ക്യാപ്റ്റനെതിരെ സ്വന്തം നാട്ടിലെ കാണികള്‍ തന്നെ ഇതുപോലെ ആക്രോശിക്കുന്ന എത്ര അവസരങ്ങള്‍ ലോക ക്രിക്കറ്റില്‍ കാണാനാകും? സര്‍ റിച്ചാര്‍ഡ് ബെഞ്ചമിന്‍ റിച്ചാര്‍ഡ്‌സണ്‍ എന്ന റിച്ചീ റിച്ചാര്‍ഡ്‌സണ്‍ ആയിരുന്നു സ്വന്തം കാണികളാല്‍ വെറുക്കപ്പെട്ട ആ ക്യാപ്റ്റന്‍. ഒരു കാലത്തു വെസ്റ്റ് ഇന്‍ഡീസിന്റെ ഉറവ വറ്റാത്ത പ്രതിഭകളില്‍ ഒരാളായി ഉയര്‍ന്നു വന്ന റിച്ചി പിന്നീട് സ്വന്തം കാണികള്‍ക്ക് അനഭിമതനായി വെസ്റ്റ് ഇന്‍ഡീസിന്റെ തകര്‍ച്ചയുടെ തുടക്കമിട്ട ക്യാപ്റ്റനായി മാറാനായിരുന്നു വിധി.

പേരിനോട് സാമ്യമുള്ള വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന് ശേഷവും ബ്രയാന്‍ ലാറക്ക് മുമ്പും ആയി വെസ്റ്റിന്‍ഡീസ് കണ്ട അതുല്യ പ്രതിഭകളില്‍ ഒരാളാണ് റിച്ചി റിച്ചാര്‍ഡ്‌സണ്‍. പേരിലെ സാമ്യത പോലെ തന്നെ റിച്ചിയും ജനിച്ചത് വിന്‍ഡീസ് ദ്വീപായ ആന്റിഗ്വയില്‍ ആണ്. വിവിനെ പോലെ തന്നെ ഹെല്‍മെറ്റ് ധരിക്കാന്‍ ഇഷ്ടമല്ലായിരുന്നു റിച്ചിക്ക്. സാമ്യത അവിടെ തീരുന്നു. വിവ് വെസ്റ്റിന്ത്യന്‍ വന്യതയുടെ പര്യായമായിരുന്നെങ്കില്‍, റിച്ചി കളിക്കളത്തിലെ ശാന്തതയായിരുന്നു.

1981ല്‍ ലീവാര്‍ഡ്സ് ഐലണ്ടിന് വേണ്ടി ഓപ്പണര്‍ ആയാണ് റിച്ചി ഫസ്റ്റ് ക്ലാസ് കരിയര്‍ ആരംഭിക്കുന്നത്. ക്ലൈവ് ലോയ്ഡ് നയിച്ച 1983 ലെ ഇന്ത്യന്‍ പര്യടനത്തിനുള്ള കരുത്തരായ വെസ്റ്റിന്‍ഡീസ് ടീമില്‍ അരങ്ങേറ്റം. 4-ാമത്തെ ടെസ്റ്റില്‍ 3-ാമനായി ഇറങ്ങിയെങ്കിലും പൂജ്യത്തിന് പുറത്തായി. അതേ സീരിസിലെ 5-ാം  ഏകദിനത്തില്‍ 46 റണ്‍സെടുത്തു ഏകദിനത്തിലും അരങ്ങേറി. പിന്നീടങ്ങോട്ട് കത്തിക്കയറിയും എരിഞ്ഞമര്‍ന്നും മുന്നോട്ടു പോയ 12 വര്‍ഷങ്ങള്‍.

മെറൂണ്‍ നിറത്തിലുള്ള പരന്ന തൊപ്പിയാണ് അദ്ദേഹം എക്കാലവും ധരിച്ചിരുന്നത്. റിച്ചിയിലൂടെ ആ തൊപ്പി പിന്നീട് ലോക ക്രിക്കറ്റില്‍ പ്രശസ്തമായി. വന്യമായ കട്ട് ഷോട്ടുകളും പുള്‍ / ഹുക്ക് ഷോട്ടുകളുമായിരുന്നു റിച്ചിയുടെ പ്രത്യേകത. സാധാരണ നില്‍ക്കുന്നതിനേക്കാള്‍ അകന്നാണ് റിച്ചിക്കെതിരെ പോയിന്റ്, ഗള്ളി ഫീല്‍ഡര്‍മാര്‍ നില്‍ക്കാറ് എന്നുള്ള എതിരാളികളുടെ സാക്ഷ്യപ്പെടുത്തല്‍ അദ്ദേഹത്തിന്റെ ഷോട്ടുകളുടെ ശക്തി വെളിപ്പെടുത്തുന്നു. ആ കാലഘട്ടത്തിലെ അപകടകാരികളായ പേസര്‍മാരെ ഹുക്ക് ഷോട്ടിലൂടെ വെളിയിലേക്ക് പരത്തുന്നത് അദ്ദേഹത്തിന് ഒരു ഹരമായിരുന്നു.

തന്റെ കാലത്തെ മറ്റൊരു മികച്ച ടീമായ ഓസ്ട്രേലിയക്ക് എതിരെ മികച്ച രീതിയില്‍ കളിച്ചു 9 സെഞ്ചുറികളാണ് അദ്ദേഹം വാരിക്കൂട്ടിയത്. റിച്ചിക്കെതിരെ ഉണ്ടായിരുന്ന ഏറ്റവും വലിയ വിമര്‍ശനം അശ്രദ്ധ ആയിരുന്നു. അതുകൊണ്ടു തന്നെ മികച്ച കളിക്കാരനായിരുന്നിട്ടും ശരാശരിയില്‍ നിന്ന് ഉയര്‍ന്ന കളി കാഴ്ചവെയ്ക്കുവാന്‍ പലപ്പോഴും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. 1988 മുതല്‍ 1992 വരെയാണ് റിച്ചിയുടെ ഏറ്റവും മികച്ച കാലഘട്ടം. ഈ കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ വെച്ച് നേടിയ 104, 121 , ഓസ്ട്രേലിയക്ക് എതിരെ നേടിയ 182 ഒക്കെ അദ്ദേഹത്തിന്റെ മികച്ച ഇന്നിംഗ്സുകളായി വിലയിരുത്തപ്പെടുന്നു.

1991 ല്‍ അപ്രതീക്ഷിതമായാണ് റിച്ചിക്ക് വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുന്നത്. അന്നത്തെ ക്യാപ്റ്റനായിരുന്ന വിവ് റിച്ചാര്‍ഡ്സ് തന്റെ പിന്‍ഗാമിയായി ഡെസ്മണ്ട് ഹെയിന്‍സിനെ പരിഗണിക്കണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും ഹെയിന്‍സിന്റെ പെരുമാറ്റവും പ്രായക്കൂടുതലും കണക്കിലെടുത്തു സെലക്ടര്‍മാര്‍ റിച്ചിയെ പരിഗണിക്കുകയായിരുന്നു. ഇത് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ആരാധകര്‍ റിച്ചിക്കെതിരെ തിരിയുന്നതിനു കാരണമായി. 1992 ലോക കപ്പ് കളിച്ചു വിരമിക്കണം എന്ന ആഗ്രഹവുമായി നിന്നിരുന്ന വിവ് റിച്ചാര്‍സിനെ ലോക കപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതോടെ വെസ്റ്റിന്‍ഡീസില്‍ അദ്ദേഹം അനഭിമതനായി.

ഒരിക്കല്‍ പോലും ഹെല്‍മെറ്റ് ധരിക്കാതെ ബാറ്റ് ചെയ്തിരുന്ന റിച്ചി 1995 ലെ ഓസ്ട്രേലിയയുടെ വിന്‍ഡീസ് ടൂറിലാണ് ആദ്യമായി ഹെല്‍മെറ്റ് ധരിക്കുന്നത്. സ്വന്തം കാണികളുടെ കൂക്കി വിളികളുടെയും പരിഹാസങ്ങളുടെയും നടുവിലൂടെ ഹെല്‍മെറ്റ് ധരിച്ചു ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ റിച്ചിയായിരുന്നു അടുത്ത ദിവസങ്ങളിലെ പ്രധാന മാധ്യമ വാര്‍ത്ത. അതുവരെ അപരാജിതരായിരുന്ന വിന്‍ഡീസ് ടീമിന്റെ പതനം ആരംഭിക്കുന്നതിന്റെ സൂചനയായി റിച്ചിയുടെ ഹെല്‍മെറ്റ് ധാരണത്തെ മാധ്യമങ്ങള്‍ വിലയിരുത്തി. അത് ശരിവെയ്ക്കുന്നത് പോലെ 1980 ന് ശേഷം 15 വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി വെസ്റ്റിന്‍ഡീസ് സ്വന്തം നാട്ടില്‍ ഒരു പരമ്പരയില്‍ അടിയറവ് പറഞ്ഞു. വെസ്റ്റിന്‍ഡീസിന്റെ പതനത്തിന്റെ തുടക്കവും അജയ്യതയിലേക്കുള്ള ഓസ്ട്രേലിയന്‍ കുതിപ്പും അവിടെ നിന്നാണ് ആരംഭിച്ചത്.

1996 ലോക കപ്പിലെ വെസ്റ്റിന്‍ഡീസിന്റെ അവസാന മത്സരത്തോടെ അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വെസ്റ്റിന്‍ഡീസിന്റെ സുവര്‍ണ കാലഘട്ടത്തിന്റെ അവസാന കണ്ണിയായിരുന്നു റിച്ചി റിച്ചാര്‍ഡ്‌സണ്‍. ഒരു പക്ഷെ കുറച്ചുകൂടി സ്ഥിരത പുലര്‍ത്തിയിരുന്നെങ്കില്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിലെ അതികായന്മാരോടൊപ്പം ചേര്‍ത്ത് വെയ്ക്കേണ്ട നാമം. വെസ്റ്റിന്‍ഡീസ് സുവര്‍ണ കാലഘട്ടത്തിലെ അവസാന കണ്ണി.

Latest Stories

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്