IPL 2025: എന്ത്യേ നിങ്ങളുടെ സിംഹമൊക്കെ എന്ത്യേ, ധോണിയെ എയറിൽ നിന്ന് ബഹിരാകാശത്തേക്ക് അയച്ച് നവ്‌ജോത് സിംഗ് സിദ്ധു; ചിരി പടർത്തി കമെന്റ്

ഇന്നലെ ചെപ്പോക്കിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സും (സി‌എസ്‌കെ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെ‌കെ‌ആർ) തമ്മിലുള്ള ഐ‌പി‌എൽ 2025 മത്സരത്തിനിടെ മുൻ ഇന്ത്യൻ ഓപ്പണർ നവ്‌ജോത് സിംഗ് സിദ്ധു എം‌എസ് ധോണിയെ പരിഹസിച്ചു. ക്യാപ്റ്റൻസി തിരിച്ചുവരവിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മോശം പ്രകടനം കാഴ്ചവച്ചതോടെ, ‘ഖോഡാ പഹാദ്, നിക്ലി ചുഹിയ’ എന്ന ഹിന്ദി വാചകം( ഒരു വലിയ മല തുരന്നപ്പോൾ കിട്ടിയത് എലിയെ) അതായത് വലിയ പരിശ്രമം ഒകെ നടത്തി വലിയ പ്രതീക്ഷയോടെ ഓരോ പ്രവർത്തി ചെയ്തിട്ടും ഫലം ഒന്നും ഇല്ലാതെ പോകുന്ന അവസ്ഥയെയാണ് അദ്ദേഹം സൂചിപ്പിച്ചത്.

കൈമുട്ടിന് പരിക്കേറ്റ റുതുരാജ് ഗെയ്ക്‌വാദ് പുറത്തായതോടെ ധോണി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുക ആയിരുന്നു. എന്നാൽ, മത്സരം ചെന്നൈയുടെ ഏറ്റവും വലിയ ദുരന്തത്തിലാണ് കലാശിച്ചത്. നായകൻ ഒരു റൺസ് മാത്രം നേടിയതിനു പുറമേ, മുഴുവൻ ടീമിനും 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. തോൽവിയോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് നിൽക്കുന്നത്.

സിദ്ധു ധോണിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:

“ധോണി വരുമെന്ന് ആളുകൾ പറഞ്ഞുകൊണ്ടിരുന്നു, സിംഹം വരുമെന്ന് അവർ പറഞ്ഞു. വളരെയധികം ആവേശം എല്ലാവര്ക്കും ഉണ്ടായിരുന്നു. പക്ഷേ ഇതുവരെ ഞങ്ങൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല.”

കൊൽക്കത്തയുടെ സ്പിൻ ത്രയമായ മോയിൻ അലി, വരുൺ ചക്രവർത്തി, സുനിൽ നരൈൻ എന്നിവർ ചെപ്പോക്കിലെ മന്ദഗതിയിലുള്ള സാഹചര്യത്തെ നന്നായി മുതലെടുത്തപ്പോൾ ചെന്നൈക്ക് ഉത്തരം ഇല്ലായിരുന്നു. മൂന്ന് പേരും ചേർന്ന് വിക്കറ്റുകൾ പങ്കിട്ടു, നരൈൻ 4-0-13-3 എന്ന മികച്ച പ്രകടനം കാഴ്ചവച്ചു.

Read more