ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌് പരമ്പരയിലെ രണ്ടാം മത്സരത്തിലും ശ്രേയസ് അയ്യര്‍ക്ക് അര്‍ദ്ധശതകം. ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചെറിയ സ്‌കോറിന് പുറത്തായ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ അടിച്ചു തകര്‍ത്തു. നായകന്‍ രോഹിത് ശര്‍മ്മ പുറത്തായതിന് പിന്നാലെയെത്തിയ ശ്രേയസ് അയ്യര്‍ തകര്‍ത്തടിക്കുകയായിരുന്നു.
ഇത്തവണ നാലാം നമ്പറില്‍ കളിക്കാന്‍ എത്തിയത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌്‌ജു സാംസണായിരുന്നു. പതിയെ സിംഗിളുകളും ഡബിളുകളുമായി ശ്രേയസ് അയ്യര്‍ക്ക് സ്‌ട്രൈക്ക് കൈമാറാനാണ് സഞ്‌ജു ശ്രമിച്ചത്. സിക്‌സര്‍ അടിച്ചായിരുന്നു ശ്രേയസ് ഫിഫ്‌റ്റി അടിച്ചത്. 30 പന്തുകളില്‍ 53 റണ്‍സ് അടിച്ച താരം അഞ്ചു ബൗണ്ടറികളും മൂന്ന് സിക്‌സറുകളും പറത്തി.
രണ്ടു പന്തുകള്‍ നേരിട്ട നായകന്‍ രോഹിത് ശര്‍മ്മ ഒരു റണ്‍സ് എടുത്തും 15 പന്തുകളില്‍ 16 റണ്‍സ് എടുത്ത് ഇഷാന്‍ കിഷനും പുറത്താകുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ശ്രേയസ് സഞ്‌ജുവിനെ കൂട്ടു നിര്‍ത്തി അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയത്. ഇരുവരും വെടിക്കെട്ട് നടത്തിയതോടെ 12 ഓവറില്‍ ഇന്ത്യ 100 കടന്നു.