താനൊരു ക്രിക്കറ്റ് താരമായില്ലായിരുന്നുവെങ്കില്‍ വേറെ എന്താകുമായിരുന്നു എന്ന് വെളിപ്പെടുത്തി ഓസീസ് സൂപ്പര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. താന്‍ ക്രിക്കറ്റ് താരമല്ലായിരുന്നുവെങ്കില്‍ ബഹിരാകാശ സഞ്ചാരിയാകാന്‍ തിരഞ്ഞെടുക്കുമായിരുന്നെന്ന് വാര്‍ണര്‍ വെളിപ്പെടുത്തി. ഏകദിന ലോകകപ്പിന് മുന്നോടിയായി തന്റെ വ്യക്തിപരമായ ചില ഇഷ്ടങ്ങള്‍ വെളിപ്പെടുത്തുമ്പോഴാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഇക്കാര്യം പറഞ്ഞത്. ക്രിക്കറ്റിന് പുറമെ ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള തന്റെ ഇഷ്ടവും താരവും തുറന്നുപറഞ്ഞു. ഇന്ത്യന്‍ ചലച്ചിത്ര താരം അല്ലു അര്‍ജുനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം വാര്‍ണര്‍ പ്രകടിപ്പിച്ചു.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷറിനെക്കുറിച്ച് ചോദിച്ചപ്പോള്‍, എംഎസ് ധോണിയുടെ പേര് പറയാന്‍ വാര്‍ണര്‍ മടിച്ചില്ല. സമ്മര്‍ദ്ദത്തിനിടയിലും ശാന്തനായി തുടരാനുള്ള ധോണിയുടെ കഴിവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഫിനിഷിംഗ് കഴിവും ക്രിക്കറ്റ് ലോകത്ത് അദ്ദേഹത്തിന് ഇതിഹാസ പദവി നേടിക്കൊടുത്തിട്ടുണ്ട്.
‘എന്നെ സംബന്ധിച്ച് അത് എംഎസ് ധോണിയാണ്,’ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജിയോസിനിമയിലെ റാപ്പിഡ്-ഫയര്‍ ചോദ്യ-ഉത്തര സെഷനില്‍ വാര്‍ണര്‍ പറഞ്ഞു. ഷെയ്ന്‍ വോണ്‍, റിക്കി പോണ്ടിംഗ്, ആദം ഗില്‍ക്രിസ്റ്റ് എന്നിവരെ തന്റെ ആരാധനാപാത്രങ്ങളായി വാര്‍ണര്‍ എടുത്തുകാണിച്ചു. വോണിന്റെ ലെഗ് സ്പിന്‍, ഗില്‍ക്രിസ്റ്റിന്റെ തകര്‍പ്പന്‍ ഓപ്പണിംഗ് ബാറ്റിംഗ്, പോണ്ടിങ്ങിന്റെ ഓള്‍റൗണ്ട് ക്രിക്കറ്റ് കഴിവുകള്‍ എന്നിവയോടൊപ്പം അവരുടെ കളിരീതികള്‍ അനുകരിക്കാന്‍ ആഗ്രഹിച്ചിരുന്നതായി വാര്‍ണര്‍ വെളിപ്പെടുത്തി.
‘എന്നെ സംബന്ധിച്ചിടത്തോളം, ഷെയ്ന്‍ വോണും റിക്കി പോണ്ടിംഗും ആദം ഗില്‍ക്രിസ്റ്റും എന്റെ ആരാധനാപാത്രങ്ങളായിരുന്നു. അവര്‍ എങ്ങനെ കളിച്ചു അതുപോലെ കളിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എനിക്ക് ഒരു ലെഗ് സ്പിന്നര്‍ ആകണം, ഗില്‍ക്രിസ്റ്റ് ഒരു ഓപ്പണിംഗ് ഡാഷര്‍ ആയിരുന്നു, റിക്കി പോണ്ടിംഗ് – നമ്മുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളാണ്- വാര്‍ണര്‍ പറഞ്ഞു.
ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരത്തെ (G.O.A.T) കുറിച്ച് ചോദിച്ചപ്പോള്‍, വാര്‍ണര്‍ ജാക്ക കാലിസിനെ തിരഞ്ഞെടുത്തു. ഇതുവരെ കളിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന താരമാണ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ്.