നീയൊക്കെ ഇത് എന്താണ് കാണിച്ചുകൂട്ടുന്നത്, മണ്ടത്തരം കാണിക്കുന്നതിന് പരിധിയുണ്ട്; കോഹ്‌ലിക്കും ശ്രേയസിനും എതിരെ സുനിൽ ഗവാസ്‌ക്കർ

ചാമ്പ്യൻസ് ട്രോഫിയിലെ ആവേശകരമായ ഇന്ത്യ-പാക് പോരാട്ടത്തിൽ പാകിസ്ഥാനെ കളിയുടെ എല്ലാ ഡിപ്പാർട്മെന്റിലും തകർത്തെറിഞ്ഞ് ഇന്ത്യ വിജയം സ്വന്തമാക്കുക ആയിരുന്നു. ദുബായിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യൻ വിജയം. പാകിസ്ഥാൻ മുന്നോട്ടുവെച്ച 242 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 42. 3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസം മറികടന്നു. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. താരം 111 പന്തിൽ 100 റൺസ് നേടി തിളങ്ങി.

ഓപ്പണർമാർ രണ്ട് പേരെയും നഷ്ടമായ ശേഷം വിരാട് കോഹ്‌ലി – ശ്രേയസ് അയ്യർ കൂട്ടുകെട്ട് ഇന്ത്യയുടെ രക്ഷ ആകുക ആയിരുന്നു. 100 റൺസ് കൂട്ടുകെട്ട് ചേർത്ത ഇരുവരും ഇന്ത്യൻ സ്കോർബോർഡ് ഉയർത്തുക ആയിരുന്നു. എന്നാൽ ഇരുവരുടെയും കൂട്ടുകെട്ട് ഭംഗി ആയി പോയെങ്കിലും വിക്കറ്റുകൾക്ക് ഇടയിലുള്ള ഇരുവരുടെയും ഓട്ടത്തിൽ അതൃപ്തനായ സുനിൽ ഗവാസ്‌ക്കർ രണ്ടുപേരെയും കുറ്റപ്പെടുത്തി. ചില റിസ്‌ക്കുകൾ ഇരുവരും എടുത്തെന്നും പാകിസ്ഥാന് ഉന്നം ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇന്ത്യ രക്ഷപെട്ടെന്നും മുൻ താരം പറഞ്ഞു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ:

“എന്തുകൊണ്ടാണ് അവർ ഇത് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ഹാരിസ് റൗഫ് പന്ത് കൃത്യമായ ശേഖരിച്ചിരുന്നെങ്കിൽ അയ്യർ റണ്ണൗട്ടാകുമായിരുന്നു. സിംഗിൾസ് അല്ലെങ്കിൽ ഡബിൾസ് എടുക്കുമ്പോൾ ഇരുവർക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഇതാദ്യമായല്ല,” സുനിൽ ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

നവജ്യോത് സിംഗ് സിദ്ധുവും ഇതേ അഭിപ്രായം പറഞ്ഞു “വിക്കറ്റുകൾക്കിടയിലുള്ള ഓട്ടത്തിലൂടെ ഇരുവരും എന്താണ് നേടാൻ ശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇന്ത്യ മത്സരം പിടിച്ചു നിൽക്കുന്ന സമയമാണ്, പാക്കിസ്ഥാന് വിക്കറ്റ് നൽകാൻ നിഎന്തിനാണ് ശ്രമിക്കുന്നത് ”അദ്ദേഹം പറഞ്ഞു.

കോഹ്‌ലി 111 ബോളിൽ 100 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യർ അർദ്ധ സെഞ്ച്വറി നേടി. താരം 67 ബോളിൽ 1 സിക്‌സിന്റെയും 5 ഫോറിന്റെയും 56 അകമ്പടിയിൽ റൺസെടുത്തു. രോഹിത് ശർമ്മ 15 ബോളിൽ 20, ശുഭ്മാൻ ഗിൽ 52 ബോളിൽ 46, ഹാർദ്ദിക് പാണ്ഡ്യ 6 ബോളിൽ 8 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. പാകിസ്ഥാനായി ഷഹീൻ അഫ്രീദി രണ്ടും, ഖുഷ്ദിൽ ഷാ, അബ്‌റാർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടി വമ്പൻ സ്‌കോർ ലക്ഷ്യം വെച്ചിറങ്ങിയ പാക് പട 49.4 ഓവറിൽ 241 റൺസിൽ ഒതുങ്ങി. 76 ബോളിൽ 62 റൺസെടുത്ത സൗദ് ഷക്കീലാണ് അവരുടെ ടോപ് സ്‌കോറർ.

നായകൻ മുഹമ്മദ് റിസ്വാൻ 77 ബോളിൽ 46 റൺസെടുത്തു. ഖുഷ്തിൽ ഷാ 38, ഇമാം ഉൾ ഹഖ് 10, ബാബർ അസം 23, സൽമാൻ അലി 19, തയ്യബ് താഹിർ 4, നസീം ഷാ 14, ഷഹീൻ അഫ്രീദി 0 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

Read more