ജയ്സ്വാളിനെ വളര്‍ത്തിയതും പൃഥ്വി ഷായെ തളര്‍ത്തിയതും...; വെളിപ്പെടുത്തലുമായി പഴയ പരിശീലകൻ

ഇന്ത്യന്‍ ബാറ്റര്‍ പൃഥ്വി ഷായുടെ തകര്‍ച്ചയെക്കുറിച്ച് തന്റെ ചിന്തകള്‍ പങ്കുവെച്ച് മുന്‍ പരിശീലകന്‍ ജ്വാല സിംഗ്. 2021 ജൂലൈയ്ക്കു ശേഷം പൃഥ്വിയെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടിട്ടില്ല. ദേശീയ ടീമില്‍ മാത്രമല്ല മുംബൈ ടീമിലും ഇപ്പോള്‍ താരത്തിനു സീറ്റുറപ്പില്ല. അടുത്തിടെ രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍നിന്നും ഒഴിവാക്കിയതിനാല്‍ ഷാ തന്റെ ക്രിക്കറ്റ് കരിയറിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നത് ശ്രദ്ധേയമാണ്.

എന്നിരുന്നാലും, 2024-25 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇടം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ ഐപിഎല്‍ 2025 ലേലത്തില്‍ ഒരു ടീമും വാങ്ങാത്തത് 25-കാരന്റെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഷായുടെ മുന്‍ പരിശീലകന്‍ ജ്വാല സിംഗ് പൃഥ്വി ഷായുടെ പതനത്തിന് കാരണമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. ജീവിത രീതിയുടെയും പ്രവര്‍ത്തന നൈതികതയുടെയും അച്ചടക്കത്തിന്റെയും അഭാവം താരത്തിന് തിരിച്ചടിയായതായി അദ്ദേഹം പറഞ്ഞു.

പ്രതിഭ മാത്രം ഉണ്ടായതു കൊണ്ടു മാത്രം ഒരു ക്രിക്കറ്റര്‍ക്കു എവിടെയുമെത്താന്‍ സാധിക്കില്ല. അതിനു സ്ഥിരതയെന്ന കാര്യം കൂടി ആവശ്യമാണ്. ജീവിത രീതി, പ്രവര്‍ത്തന നൈതികത, അച്ചടക്കം എന്നിവയെല്ലാം ഇതിലുള്‍പ്പെടും. പക്ഷെ പൃഥ്വിയുടെ കാര്യത്തില്‍ അതു ഇല്ലാതെ പോയതാണ് പ്രശ്നമെന്നു എനിക്കു തോന്നുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും തന്റെ ഗെയിമിനെ നിരന്തരം മിനുക്കിയെടുക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ഫിറ്റ്നസിലും മാനസികമായ കരുത്തിലുമെല്ലാം അദ്ദേഹം നിരന്തരം കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. നിങ്ങളുടെ ഈ പ്രവര്‍ത്തിയും പ്രവര്‍ത്തന നൈതികതയും മികച്ചതാണെങ്കില്‍ ഒരിക്കലും പിന്നിലായി പോവില്ല.

ഇപ്പോള്‍ പല കളിക്കാരും പിന്തള്ളപ്പെട്ടു പോവുന്നത് ഇതു കൊണ്ടാണെന്നു എനിക്കു തോന്നുന്നു. യശസ്വി ജയ്സ്വാളിന്റെ കാര്യമെടുത്താല്‍ അവന്റെ പ്രവര്‍ത്തന നൈതികത മികച്ചതാണ്. നന്നായി കഠിനാധ്വാനം ചെയ്യുന്ന അവന് എന്താണ് ചെയ്യേണ്ടതെന്നു അറിയുകയും ചെയ്യാം. ഇതാണ് പൃഥ്വിയും അവനും തമ്മിലുള്ള പ്രധാന വ്യത്യാസം- ജ്വാല കൂട്ടിച്ചേര്‍ത്തു. നിലവില്‍ ടീം ഇന്ത്യയുടെ ബാറ്റിംഗ് സെന്‍സേഷനും യുവ ഓപ്പണറുമായ യശസ്വി ജയസ്വാള്‍ ജ്വാല സിംഗിന്റെ കണ്ടെത്തലാണ്.