ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നാലു വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് അതിനിർണായക ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം മുംബൈ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 36 റൺ എടുത്ത വിൽ ജാക്സ് ആണ് മുംബൈയുടെ ടോപ് സ്‌കോറർ ആയി. താരത്തെ കൂടാതെ കീപ്പർ റിയാൻ റിക്കിൾടൺ 23 പന്തിൽ 31 റൺ എടുത്ത് മികച്ച സംഭാവന നൽകിയപ്പോൾ മുൻ നായകൻ രോഹിത്തിന്റെ കാര്യത്തിൽ ആരാധകർ നിരാശരാണ്. ഈ സീസൺ ലീഗിലെ മോശം ഫോം തുടരുന്ന രോഹിത് 26 റൺ നേടിയെങ്കിലും അത് വലിയ സ്കോർ ആക്കാൻ അദ്ദേഹത്തിന് ഇന്നും ആയില്ല.
മറ്റൊരു സൂപ്പർ താരവും ലീഗിലെ ഓറഞ്ച് ക്യാപ് പട്ടികയിൽ മുന്നിൽ ഉള്ളതുമായ സൂര്യകുമാർ യാദവ് 15 പന്തിൽ 2 ബൗണ്ടറിയുടെയും 2 സിക്സിന്റെയും സഹായത്തിൽ 26 റൺ എടുത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്തായാലും മുംബൈയുടെ ജയത്തിന് പിന്നാലെ സൂര്യകുമാറും ഹൈദരാബാദിന്റെ അഭിഷേക് ശർമ്മയും ഉൾപ്പെട്ട ഒരു സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
അഭിഷേക് ശർമ്മയും സൂര്യകുമാർ യാദവും ഇന്ത്യയുടെ ടി20 ഐ സെറ്റ്അപ്പിന്റെ ഭാഗമായതിനാൽ, ഇരുവരും സൗഹൃദപരമായ ബന്ധം പുലർത്തുന്നു. ഏപ്രിൽ 12 ന് പഞ്ചാബ് കിംഗ്സിനെതിരെ 141 റൺസ് നേടി തകർപ്പൻ ഇന്നിംഗ്സ് കളിച്ചതിന് പിന്നാലെ , സൂര്യകുമാറിന് നന്ദി പറഞ്ഞ ശർമ്മ, തന്റെ മോശം ഫോമിന്റെ സമയത്ത് തന്റെ സീനിയറുമായി ബന്ധപ്പെട്ടിരുന്നുവെന്നും നിർദ്ദേശങ്ങൾ ചോദിച്ചുകൊണ്ടിരുന്നുവെന്നും പറഞ്ഞു. ഇത് കൂടാതെ ‘ഇത് ഓറഞ്ച് ആർമിക്കുള്ളതാണ്’ എന്ന് എഴുതിയ ഒരു കുറിപ്പ് പോക്കറ്റിൽ നിന്ന് എടുത്ത് യുവതാരം തന്റെ സെഞ്ച്വറി ആഘോഷിച്ചിരുന്നു.
ഇന്നലെ മത്സരത്തിനിടെ, സൂര്യകുമാർ യാദവ് അഭിഷേക് ശർമ്മയുടെ അടുത്തെത്തി അഭിഷേകിന്റെ പോക്കറ്റ് പരിശോധിക്കുന്നത് കാണാൻ സാധിച്ചു. ഈ ചിത്രങ്ങൾ വൈറലായിരുന്നു. ഇരുവരും ഇതിന് പിന്നാലെ ചിരിക്കുന്നതും വിഡിയോയിൽ കാണാം. അതേസമയം ഹൈദരാബാദിനായി ഇന്നലെയും മികവ് കാണിച്ച അഭിഷേക് 28 പന്തിൽ നിന്ന് 40 റൺസ് നേടിയിരുന്നു.
pic.twitter.com/jjE4cpoexd https://t.co/zLCozmFpkf
— 𝘽²⁶⁹ (@mallichudam) April 17, 2025