ടി20യിലെ തന്റെ സമീപകാല വിജയങ്ങളുടെ ക്രെഡിറ്റ് ഗൗതം ഗംഭീറിന് ആണെന്ന് സഞ്ജു സാംസൺ അടുത്തിടെ പറഞ്ഞിരുന്നു. തുടർച്ചയായ രണ്ട് സെഞ്ചുറികൾ നേടി തിളങ്ങി ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ച ആയി നിൽകുമ്പോൾ തന്റെ വിജയത്തിന്റെ ക്രെഡിറ്റ് അദ്ദേഹം ഗംഭീറിന് നൽകുക ആയിരുന്നു. എന്നാൽ, എബി ഡിവില്ലിയേഴ്സ് ഇപ്പോൾ അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
ഒരു പരിശീലകനോടും അനാദരവ് കാണിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞപ്പോൾ, സാംസൺ ഇപ്പോൾ കൂടുതൽ പക്വത പ്രാപിച്ചതായി അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ മൂന്നക്കം കടന്നതോടെ ടി 20 യിൽ ബാക്ക്-ടു-ബാക്ക് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡ് സഞ്ജു സ്വന്തമാക്കി.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ബംഗ്ലാദേശിനെതിരെയായിരുന്നു അദ്ദേഹത്തിൻ്റെ കന്നി ടി 20 സെഞ്ച്വറി പിറന്നത്. സാംസണിൻ്റെ ഗംഭീരമായ പ്രകടനത്തിന് കോച്ചിംഗ് സ്റ്റാഫ് ക്രെഡിറ്റിന് അർഹരല്ലെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ പറഞ്ഞു. “സഞ്ജു ഗിയർ മാറ്റി, കളിയുടെ എല്ലാ ഫോർമാറ്റുകളിലും സെലക്ടർമാർ അവനെ നോക്കുന്നുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹം ഒരു ഓൾ ഫോർമാറ്റ് കളിക്കാരനാണ്. ലോകമെമ്പാടുമുള്ള എല്ലാ സാഹചര്യങ്ങളിലും വിജയം കൈവരിക്കാൻ കഴിയുന്ന ഒരു പ്രത്യേക കളിക്കാരനാണ് സാംസൺ. അദ്ദേഹത്തിൻ്റെ മിന്നുന്ന ബാറ്റിംഗിൽ കോച്ചിംഗ് സ്റ്റാഫിന് എന്തെങ്കിലും പങ്കുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്, ”എബി ഡിവില്ലിയേഴ്സ് പറഞ്ഞു.
“ഗൗതം ഗംഭീർ, വിവിഎസ് ലക്ഷ്മൺ, മോർനെ മോർക്കെ, റയാൻ ടെൻ ഡോസ്‌ചാറ്റ് എന്നിവരെ അനാദരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സഞ്ജു കൂടുതൽ പക്വത പ്രാപിച്ചതായും സ്ഥിരതയാർന്ന പ്രകടനങ്ങൾ നൽകേണ്ടതിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞതായും എനിക്ക് തോന്നുന്നു.” മുൻ ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞു.