ഓസ്ട്രേലിയ ഉയർത്തിയ 480 റൺസ് എന്ന ഭീമാകാരമായ ലക്ഷ്യത്തിന് മുന്നിൽ പതറാതെ ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്ക് കിട്ടിയിരിക്കുന്നതും മികച്ച തുടക്കം. ഒടുവിൽ വിവരം കിട്ടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 129 റൺസാണ് ഇപ്പോൾ ഇന്ത്യ നേടിയിരിക്കുന്നത്. അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയ യുവതാരം ഗില്ലും വിശ്വസ്തൻ പൂജാരയുമാണ് ഇന്ത്യക്കായി ക്രീസിൽ നിൽക്കുന്നത്. 35 റൺസെടുത്ത രോഹിതിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പതിവ് പോലെ മികച്ച ടച്ചിൽ ആയിരുന്ന രോഹിത് മോശം ഷോട്ട് കളിച്ച് വിക്കറ്റ് കളയുക ആയിരുന്നു.
തുടക്കം മുതൽ ഓസ്ട്രേലിയ ഉയർത്തിയ വലിയ ലക്ഷ്യത്തെ പേടിക്കാതെ കളിച്ച ഇന്ത്യ ഈ രീതിയിൽ ബാറ്റിംഗ് തുടർന്നാൽ ഓസ്‌ട്രേലിയൻ സ്കോറിനൊപ്പം എത്താൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ ഇന്നലത്തെ ദിവസത്തെ അപേക്ഷിച്ച് പിച്ച് സ്പിന്നറുമാരെ നല്ല രീതിയിൽ സഹായിക്കുന്നുണ്ട്.
ഇന്നലെ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് ഒരു വിധത്തിലുമുള്ള സമ്മര്‍ദ്ദമുണ്ടാക്കാന്‍ ആദ്യ സെക്ഷനിലും രണ്ടാം സെക്ഷന്റെ പകുതിയിലും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ആയില്ല. ഖവാജ-ഗ്രീന്‍ കൂട്ടുകെട്ട് പൊളിക്കാന്‍ രോഹിത് ശര്‍മ ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഒന്നും വിജയം കണ്ടില്ല. പിന്നീട് രണ്ടാം സെക്ഷന്‍രെ അവസാന ലാപ്പിലാണ് വിക്കറ്റ് ദൈവങ്ങൾ അശ്വിന്റെ രൂപത്തിൽ കനിഞ്ഞതും വിക്കറ്റ് വീഴാൻ തുടങ്ങിയതും. അതിനിടയിൽ ഖവാജ 180 റൺസ് നേടിയാണ് പുറത്തായത്. സ്പിന്നറുമാരെ പ്രത്യേകിച്ച് ഒരു തരത്തിലും സഹായിക്കാത്ത പിച്ചിൽ അശ്വിൻ 6 വിക്കറ്റ് നേടി തിളങ്ങിയിരുന്നു.