അമേരിക്കയുടെ ജഴ്‌സിയില്‍ കളിച്ച് പാകിസ്ഥാനെ പരാജയപ്പെടുത്തിയ സൗരഭ് നേത്രവാല്‍ക്കര്‍ എന്ന ഇന്ത്യക്കാരന്റെ കഥ! ഇങ്ങനെയൊരു വിജയഗാഥ നല്‍കുവാന്‍ സ്‌പോര്‍ട്‌സിന് മാത്രമേ സാധിക്കുകയുള്ളൂ ടി-20 ലോകകപ്പ് മാച്ചിന്റെ സൂപ്പര്‍ ഓവറില്‍ പാക്കിസ്ഥാനെ വരിഞ്ഞുകെട്ടിയ സൗരഭിന്റെ ജീവിതകഥ ആരെയും അമ്പരപ്പിക്കുന്നതാണ്.
ഒരുകാലത്ത് മുംബൈ ക്രിക്കറ്റിന്റെ അഭിമാന താരമായിരുന്നു സൗരഭ്. 2010-ലെ അണ്ടര്‍-19 ലോകകപ്പില്‍ കളിച്ച താരം. അന്ന് ഇന്ത്യ പാക്കിസ്ഥാനോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. അക്കാലത്ത് സൗരഭിന്റെ സഹതാരങ്ങളായിരുന്ന കെ.എല്‍ രാഹുലും മായങ്ക് യാദവും ജയദേവ് ഉനദ്കട്ടും ഇന്ത്യന്‍ സീനിയര്‍ ടീമിലെ അംഗങ്ങളായി. കൗമാര ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൗരഭിന്റെ എതിരാളിയായിരുന്ന ബാബര്‍ അസം പാക്കിസ്ഥാന്റെ നായകനായി വളര്‍ന്നു!
എന്നാല്‍ സൗരഭിന്റെ ക്രിക്കറ്റ് കരിയര്‍ എങ്ങും എത്തിയില്ല. ക്രിക്കറ്റ് ഉപേക്ഷിച്ച് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് സൗരഭ് ഒരു ഘട്ടത്തില്‍ തീരുമാനിച്ചു. കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദം നേടുന്നതിന് വേണ്ടിയിട്ടാണ് സൗരഭ് യുണൈറ്റഡ് സ്റ്റേറ്റ്‌സിലേയ്ക്ക് വിമാനം കയറിയത്. സ്വന്തം ക്രിക്കറ്റ് കിറ്റ് ഇന്ത്യയില്‍ ഉപേക്ഷിച്ചിട്ടാണ് സൗരഭ് പോയത്.
എന്നാല്‍ ക്രിക്കറ്റ് സൗരഭിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമായിരുന്നു. അമേരിക്കയിലെ പഠനകാലത്ത് അയാള്‍ വീണ്ടും പന്ത് കൈയ്യിലെടുത്തു. യു.എസ് ദേശീയ ടീമില്‍ ഇടം നേടി.
വിധി സൗരഭിന് ഒരു അവസരം കൂടി നല്‍കി. പണ്ട് തന്നെ തോല്‍പ്പിച്ച ബാബര്‍ അസമിന്റെ പാക്കിസ്ഥാനെതിരെ കളിക്കാനുള്ള അവസരം സൗരഭിന് ലഭിച്ചു. സൂപ്പര്‍ ഓവറില്‍ 19 റണ്ണുകളാണ് സൗരഭിന് പ്രതിരോധിക്കാനുണ്ടായിരുന്നത്. അത് അയാള്‍ ഭംഗിയായി നിര്‍വ്വഹിച്ചു.
പണ്ട് ബംഗ്ലാദേശ് എന്ന രാജ്യം ഫുട്‌ബോള്‍ സ്‌നേഹികളുടെ പ്രദേശമായിരുന്നു. 1999-ലെ ലോകകപ്പില്‍ അവര്‍ പാക്കിസ്ഥാനെ അട്ടിമറിച്ചു. അതോടെ ബംഗ്ലാദേശ് ക്രിക്കറ്റിനെ പ്രണയിച്ചുതുടങ്ങി. ഇന്നത്തെ ബംഗ്ലാദേശില്‍ ക്രിക്കറ്റ് ഒരു മതം പോലെയാണ്!
യു.എസ്.എ ആ വഴി പിന്തുടരുമോ? അങ്ങനെ സംഭവിച്ചാല്‍ സൗരഭിനെ ലോകം എങ്ങനെയാണ് ഓര്‍ക്കുക? വലിയൊരു ചരിത്രത്തിന്റെ ആദ്യ അദ്ധ്യായം എഴുതിയവന്‍ എന്ന നിലയില്‍ ആയിരിക്കില്ലേ സൗരഭ് അറിയപ്പെടുന്നത്!?
ഒരിക്കല്‍ തോറ്റുപോയവന്‍ ഇപ്രകാരം ഉദിച്ചുയരുന്നത് എത്രമേല്‍ സന്തോഷം തരുന്ന കാര്യമാണ്! പ്രിയപ്പെട്ട ക്രിക്കറ്റേ, ഇനിയും ഇത്തരം കഥകള്‍ സമ്മാനിക്കൂ…