സിംബാബ്‌വെയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 6 ന് ഹരാരെയില്‍ നടക്കും. ശുഭ്മാന്‍ ഗില്ലാണ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ടി20 ലോകകപ്പിന് ശേഷം കാലാവധി അവസാനിച്ച രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍ എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്മണായിരിക്കും പരമ്പരയിലെ ഇന്ത്യന്‍ പരിശീലകന്‍.
സ്വന്തം തട്ടകത്തില്‍ തോല്‍പ്പിക്കാന്‍ സിംബാബ്‌വെയ്ക്ക് ഏറ്റവും കടുപ്പമേറിയ ടീമാകും ഇന്ത്യ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) നിന്നുള്ള നിരവധി യുവ പ്രതിഭകള്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലുണ്ട്. പരമ്പരയിലെ എല്ലാ മത്സരങ്ങളും ഹരാരെയിലെ ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കും.
അതേസമയം, നേരത്തെ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ശിവം ദുബെ, സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്ക് പകരം സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരെ ബിസിസിഐ ആദ്യ രണ്ട് ടി 20 കള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. താരങ്ങള്‍ക്ക് നാട്ടില്‍ നടക്കുന്ന ടി20 ലോകകപ്പ് കിരീട നേട്ട ആഘോഷങ്ങളുടെ ഭാഗമാകാനായിട്ടായിരുന്നു ഇത്.
ഇന്ത്യയും സിംബാബ്വെയും തമ്മിലുള്ള ടി20 പരമ്പര ഇന്ത്യയില്‍ സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും. മത്സരങ്ങള്‍ ഓണ്‍ലൈനായി കാണാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് തത്സമയ സ്ട്രീമിംഗിനായി SonyLiv ആപ്പ് ഉപയോഗിക്കാം.
മത്സരക്രമം ഇങ്ങനെ
പരമ്പര ജൂലൈ 6 ന് ആരംഭിക്കും. രണ്ടാം ടി20 ജൂലൈ 7 ന് നടക്കും, തുടര്‍ന്ന് ജൂലൈ 10, 13, 14 തിയതികളില്‍ മത്സരങ്ങള്‍ നടക്കും. എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം വൈകുന്നേരം 4:30 ന് ആരംഭിക്കും.
ഇന്ത്യന്‍ സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ്മ, റിങ്കു സിംഗ്, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ.