തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച അതുല്യ പ്രതിഭയാണ് സ്റ്റാര്‍ പേസര്‍ തങ്കരശു നടരാജന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഗംഭീര പ്രകടനമാണ് നടരാജന് ഇന്ത്യന്‍ ടീമിലേക്കുള്ള കടന്നുവരവ് അനായാസമാക്കിയത്. ഇന്ത്യന്‍ ടീമിലെത്തിയ ശേഷം കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്താനും താരത്തിന് ഭാഗ്യം ലഭിച്ചു.
എന്നാല്‍ പരിക്ക് വില്ലനായെത്തിയതോടെ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് താരം. പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് തന്റെ പ്രകടനമികവുകൊണ്ട് വളര്‍ന്നുവന്ന നടരാജന്‍ ഇനി ഇന്ത്യന്‍ ടീമിലേക്ക് എന്ന് തിരിച്ചെത്തുമെന്നത് ഓരോ ക്രിക്കറ്റ് ആരാധകന്റെയും മനസില്‍ കിടന്ന് കളിക്കുന്ന ചോദ്യമാണ്. കാരണം 2020 ഡിസംബറില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം ശരവേഗത്തിലാണ് ആരാധക മനം കീഴടക്കിയത്.
ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് നടരാജന്‍. അരങ്ങേറിയ ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ തന്റെ മികവ് ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുക്കാന്‍ നടരാജനായെങ്കിലും പരിക്ക് വില്ലനായതോടെ കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു.
വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ മികച്ച പ്രടകനം കാഴ്ചവെച്ച് ഇന്ത്യന്‍ ടീമില്‍ തിരിച്ച് കയറാനുള്ള തയ്യാറെടുപ്പുകളിലാണ് താരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ ഐപിഎല്ലിലേക്കെത്തിയ നട്ടു തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാനുള്ള മികവിലൂടെയാണ് ആരാധകശ്രദ്ധ പിടിച്ചുപറ്റിയത്. വരുന്ന മെഗാ താരലേലത്തില്‍ യുവ പേസറെ ആരാകും സ്വന്തമാക്കുകയെന്നത് ശ്രദ്ധേയമാണ്.
Read more
30കാരനായ നടരാജന്‍ ഒരു ടെസ്റ്റില്‍ നിന്ന് മൂന്ന് വിക്കറ്റും രണ്ട് ഏകദിനത്തില്‍ നിന്ന് മൂന്ന് വിക്കറ്റും നാല് ടി20യില്‍ നിന്ന് ഏഴ് വിക്കറ്റുമാണ് നേടിയത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയാണ് മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം അരങ്ങേറിയത്. ഒരു പര്യടനത്തില്‍ത്തന്നെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറുന്ന ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് നടരാജന്‍.