തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കുമ്പോൾ, ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടി20 ഐയിൽ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് താരം ജോൺസൺ ചാൾസിനെ പവലിയനിലേക്ക് മടക്കി അയച്ച ഒരു ഡൈവിംഗ് ക്യാച്ചിലൂടെ പുറത്താക്കി ഇന്ത്യൻ ബാറ്റർ തിലക് വർമ്മ കളത്തിൽ തന്റെ സാന്നിധ്യം അറിയിച്ചു. മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌നയോട് നിരവധി തവണ ആരാധന പ്രകടിപ്പിച്ചിട്ടുള്ള വർമ്മ, തന്റെ പരിശ്രമത്തിലൂടെ ഒരു നിമിഷം തന്റെ ഹീറോയെ തന്നെ ഓർമിപ്പിച്ചു.
മത്സരത്തിൽ 2 ക്യാച്ചുകളും സ്വന്തമാക്കിയ താരം തന്നെ ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോററും. എല്ലാ അർത്ഥത്തിലും സുരേഷ് റെയ്‌ന ഓർമിപ്പിക്കുന്ന രീതിയിൽ ബാറ്റ് ചെയ്യുന്ന താരം ആദ്യ മത്സരത്തിൽ തന്നെ കാഴ്ചവെച്ച മികച്ച ബാറ്റിങ്ങും ഫീൽഡിങ്ങും കാണുമ്പോൾ തങ്ങളുടെ പഴയ സൂപ്പർ താരത്തെ ഓർത്ത് പോയി എന്നാണ് ആരാധകർ പറയുന്നത്.
കൃത്യമായ മത്സരം അറിയില്ലെങ്കിൽ പോലും , ഹൈദരാബാദിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് പോരാടിയ ചാമ്പ്യൻസ് ലീഗ് ട്വന്റി20 2014 മത്സരങ്ങളിൽ ഒന്നിലെ ബോൾ ബോയ്‌സിൽ ഒരാളായിരുന്നു വർമ്മ. തന്റെ കൺമുന്നിൽ ആദ്യമായി റെയ്‌ന ബാറ്റിംഗിന് ഇറങ്ങിയതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ
“ഞാൻ ഒരു ബോൾ ബോയ് ആയിരിക്കുമ്പോൾ CLT20 യിലാണ് സുരേഷ് റെയ്‌നയെ ആദ്യമായി കാണുന്നത്. ഞാൻ എപ്പോഴും അദ്ദേഹത്തെ പോലെയാകാൻ ആഗ്രഹിക്കുന്നു,” ഇന്ത്യൻ പ്രീമിയർ ലീഗ് 2022 കാലത്ത് MITV പോസ്റ്റ് ചെയ്ത വീഡിയോയിൽ വർമ്മ പറഞ്ഞു. ശേഷം അദ്ദേഹത്തെ കണ്ടപ്പോൾ താരം നൽകിയ ഉപദേശം ബാറ്റിംഗിൽ ഒരുപാട് സഹായിച്ചെന്നും സൂപ്പർ താരം ഓർത്തു.