പാകിസ്ഥാൻ സൂപ്പർ ലീഗ്, ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്ന അതെ സമയത്ത് ആണ് ഇത്തവണ നടക്കുന്നത്. പാകിസ്ഥാൻ താരങ്ങളിൽ പലരും ലോകത്തിലെ ഏറ്റവും നല്ല ലീഗ് തങ്ങളുടേത് ആണെന്ന് ഉള്ള വാദങ്ങൾ പറയാറുണ്ടെങ്കിലും അതിനൊന്നും ആരും അത്ര വില കൊടുക്കാറില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗ് ആണെന്നും അതുമായി മറ്റൊന്നിനെയും താരതമ്യം ചെയ്യരുതെന്നും പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കുന്ന സാം ബില്ലിംഗ്സ് തന്നെ പറഞ്ഞിരുന്നു.
എന്തായാലും ലീഗ് തുടങ്ങി കുറച്ചുദിവസങ്ങൾക്ക് അകം പിഎസ്എൽ ട്രോളുകളിൽ നിറയാൻ തുടങ്ങി. മികച്ച പ്രകടനം നടത്തി മാൻ ഓഫ് ദി മാച്ച് കിട്ടുന്ന താരങ്ങൾക്ക് ഹെയർ ഡ്രയർ സമ്മാനമായി കൊടുത്താണ് ചർച്ചകളിൽ നിറഞ്ഞത്. “ഇത്രയും ദാരിദ്ര്യം പിടിച്ച ലീഗ്” എന്ന ട്രോളുകളിൽ നിറഞ്ഞ ടൂർണമെന്റിന് ഇപ്പോൾ വലിയ നാണക്കേടാണ് ഉണ്ടായിരിക്കുന്നത്.
ന്യൂസിലൻഡ് സ്റ്റാർ ക്രിക്കറ്റ് താരം ഡാരിൽ മിച്ചലിന്റെ വിലയേറിയ വാച്ച് ലാഹോറിൽ മോഷണം പോയത് ഒരാഴ്ച്ച മുമ്പാണ്. വാച്ചിന്റെ വില 1.2 കോടി രൂപ. ഈ കേസിൽ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവം പാകിസ്ഥാൻ ക്രിക്കറ്റ് സർക്കിളിൽ മാത്രമല്ല, രാജ്യമെമ്പാടും ചർച്ചാവിഷയവും നാണക്കേടും സൃഷ്ടിച്ചിരിക്കുകയാണ്.
ലേലത്തിൽ 1 . 88 കോടി രൂപക്ക് ടീമിൽ എത്തിയ താരത്തിന് എന്തായാലും വമ്പൻ പണിയാണ് ലീഗ് കൊടുത്തത് എന്നാണ് ആരാധകർ പറയുന്നത്.