മികച്ച ഇന്ത്യന്‍ ബോളറാര്?; വൈറലായി മുഹമ്മദ് ഷമിയുടെ മറുപടി

കണങ്കാലിന് പരിക്കേറ്റതിനാല്‍ 2023 ലെ ഐസിസി പുരുഷ ഏകദിന ലോകകപ്പിന്റെ സമാപനം മുതല്‍ മുഹമ്മദ് ഷമി മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഏകദിന ലോകകപ്പിലെ ഏറ്റവും മികച്ച ബോളറായിരുന്നു സ്റ്റാര്‍ ഇന്ത്യന്‍ പേസര്‍. ആദ്യ നാല് ഗെയിമുകള്‍ക്കുള്ള ടീമില്‍നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം തിരിച്ചെട്ടിയ താരം ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറായി. ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി 10.71 ശരാശരിയില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റ് ഷമി വീഴ്ത്തി.

അടുത്തിടെ ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ബൗളര്‍ ആരാണെന്ന് മുഹമ്മദ് ഷമിയോട് ചോദിച്ചിരുന്നു, ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടി ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്.

അഭിമുഖത്തില്‍, ‘ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ബൗളര്‍ ആരാണ്?’ എന്ന് ചോദിച്ചപ്പോള്‍, തന്നിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ‘എന്തിന് എന്നെക്കാളും മുകളിലായി ആരെയും പരിഗണിക്കണം?’ എന്നാണ് താരം പറഞ്ഞത്.

Read more

തന്റെ പ്രിയപ്പെട്ട ബോളറെ കുറിച്ചും മുഹമ്മദ് ഷമിയോട് ചോദിച്ചതിന് അദ്ദേഹം മറുപടി പറഞ്ഞു. ‘എനിക്ക് ഡെയ്ല്‍ സ്റ്റെയ്ന്‍, വഖാര്‍ യൂനിസ്, വസീം അക്രം, ഗ്ലെന്‍ മഗ്രാത്ത് എന്നിവരെ ഇഷ്ടമായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ കുറിച്ച് പറഞ്ഞാല്‍ സഹീര്‍ ഖാനും കപില്‍ ദേവും ഉണ്ട്. അവര്‍ വേഗതയുള്ളവരായിരുന്നില്ല, പക്ഷേ 135-140 എന്ന നിലയില്‍ ബൗള്‍ ചെയ്യുമ്പോള്‍ അവര്‍ മാരകമായിരുന്നു- ഷമി കൂട്ടിച്ചേര്‍ത്തു.