ക്രിക്കറ്റ് താരങ്ങളെ ആരാധകര്‍ ചെല്ലപ്പേരിട്ട് വിളിക്കുക പതിവാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാസ്റ്റര്‍ ബ്ലാസ്റ്ററെന്നും എം.എസ്. ധോണി ക്യാപ്റ്റന്‍ കൂളെന്നും മൈക്കല്‍ ഹസി മിസ്റ്റര്‍ ക്രിക്കറ്റ് എന്നും എ.ബി. ഡിവില്ലിയേഴ്‌സ് മിസ്റ്റര്‍ 360 ഡിഗ്രി എന്നുമൊക്കെ അറിയപ്പെടുന്നു. ഇപ്പോഴിതാ ഒരു വിളിപ്പേരിന്റെ അവകാശിയെ ചൊല്ലി ഒരു തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്.
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ ബൂം.ബൂം… ബുംറ എന്നു വിളിക്കുന്നതിനോട് വിന്‍ഡീസ് ഇതിഹാസവും കമന്റേറ്ററുമായ മൈക്കല്‍ ഹോള്‍ഡിങ്ങാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. ആരാധകര്‍ ബുംറയെ അങ്ങനെ വിളിക്കുന്നതാണ് ഹോള്‍ഡിങ്ങിനെ ചൊടിപ്പിച്ചത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെയും ബൂം.. ബൂം… ബുംറ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഗാലറിയില്‍ ഉയര്‍ന്നിരുന്നു.
സാധാരണയായി പാകിസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷാഹിദ് അഫ്രീദിയെയാണ് ബൂം..ബൂം… എന്നു ചേര്‍ത്ത് വിളിക്കുന്നതെന്ന് ഹോള്‍ഡിംഗ് പറഞ്ഞു. ഇപ്പോഴത്തെ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയാണ് കമന്ററിക്കിടെ അഫ്രീദിയെ അങ്ങനെ ആദ്യമായി വിളിച്ചതെന്നും ഹോള്‍ഡിംഗ് ഓര്‍മ്മിപ്പിക്കുന്നു.