ഇന്ത്യയ്ക്ക് അരങ്ങേറ്റ മത്സരം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന താരമാണ് ടി.നടരാജന്‍. എന്നാല്‍ കഴിഞ്ഞ ദിവസം ബി.സി.സി.ഐ പുറത്തുവിട്ട കളിക്കാരുടെ കരാര്‍ ലിസ്റ്റില്‍ നടരാജന് സ്ഥാനം പിടിക്കാനായില്ല. ഇതിന് പിന്നാലെ നടരാജനെ ബി.സി.സി.ഐ തഴഞ്ഞതാണ് എന്ന രീതിയില്‍ ആക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നടരാജനെ ഉള്‍പ്പെടുത്താത്തതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ട്.
ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ടി നടരാജന്‍ ഒരു ടെസ്റ്റിലും 2 ഏകദിനത്തിലും 4 ടി20 മത്സരങ്ങളിലുമാണ് കളിച്ചിട്ടുള്ളത്. എന്നാല്‍ ബി.സി.സി.ഐ കരാറില്‍ ഇടം നേടാന്‍ ഇന്ത്യയ്ക്ക് വേണ്ടി മിനിമം മൂന്ന് ടെസ്റ്റിലോ 8 ഏകദിനങ്ങളിലോ 10 ടി20 മത്സരങ്ങളിലോ താരങ്ങള്‍ കളിച്ചിരിക്കണം. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് ടെസ്റ്റില്‍ കളിച്ച യുവതാരം ശുഭ്മാന്‍ ഗില്‍ ഒരു കോടി രൂപ പ്രതിഫലം ലഭിക്കുന്ന ഗ്രേഡ് ഇ യില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
കരാറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ശാര്‍ദുല്‍ താക്കൂറും കരാറില്‍ നേട്ടമുണ്ടാക്കി. ഹാര്‍ദ്ദിക് “ബി” ഗ്രേഡില്‍ നിന്നും “എ” ഗ്രേഡിലേക്ക് ഉയര്‍ന്നപ്പോള്‍ താക്കൂര്‍ “സി” യില്‍ നിന്നും “ബി”യിലെത്തി. ഇതോടെ ഹാര്‍ദ്ദികിന് 5 കോടിയും താക്കൂറിന് 3 കോടിയുമായി പ്രതിഫലം ഉയര്‍ന്നു. ഏറെക്കാലം പരിക്കിന്റെ പിടിലായിരുന്ന ഭുവനേശ്വര്‍ കുമാറിനാണ് പുതിയ കരാര്‍ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. താരം എ യില്‍ നിന്നും ബിയിലെത്തി. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരെയും ബിയില്‍ നിന്നും സിയിലേക്ക് തരംതാഴ്ത്തി. അതേസമയം മനീഷ് പാണ്ഡെയും കേദാര്‍ ജാദവും കരാറില്‍ നിന്ന് പുറത്തായി.
ഗ്രേഡ് എ പ്ലസ്: വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ (7 കോടി)
ഗ്രേഡ് എ: രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ (5 കോടി)
ഗ്രേഡ് ബി: വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ശാര്‍ദുല്‍ താക്കൂര്‍, മായങ്ക് അഗര്‍വാള്‍ (3 കോടി)
ഗ്രേഡ് സി: കുല്‍ദീപ് യാദവ്, നവദീപ് സെയ്‌നി, ദീപക് ചാഹര്‍, ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി, അക്‌സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ് (1 കോടി).