സഞ്ജു സാംസണിൻ്റെ പിതാവ് അടുത്തിടെ വിരാട് കോഹ്‌ലി, എംഎസ് ധോണി, രോഹിത് ശർമ്മ, രാഹുൽ ദ്രാവിഡ് എന്നിവരെ തൻ്റെ മകൻ്റെ ജീവിതത്തിൻ്റെ 10 വർഷം പാഴാക്കിയതിന് വിമർശിച്ചിരുന്നു. ഇപ്പോഴിതാ അതിന്റെ ആവശ്യമുണ്ടോയെന്നും അങ്ങനെ ഒന്നും പറയണ്ടായിരുന്നു എന്നും പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര . ഇത്തരം വാക്കുകൾ സഞ്ജുവിന് തന്നെ തിരിച്ചടിയാകുമെന്നാണ് ചോപ്ര പറഞ്ഞത്.
നിലവിൽ നാല് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി കളിക്കുന്നത്, അവസാന മത്സരം നവംബർ 15 വെള്ളിയാഴ്ച ജോഹന്നാസ്ബർഗിൽ നടക്കും. പരമ്പര ആദ്യ മത്സരത്തിൽ 107 റൺസ് നേടിയ സാംസൺ അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും മികവ് കാണിച്ചില്ല.
തൻ്റെ യൂട്യൂബ് ചാനലായ ‘ആകാശ് ചോപ്ര’യിൽ പങ്കുവെച്ച വീഡിയോയിൽ, കോഹ്‌ലി, ധോണി, രോഹിത്, ദ്രാവിഡ് എന്നിവർക്കെതിരെ സാംസണിൻ്റെ പിതാവ് അടുത്തിടെ നടത്തിയ വിമർശനം ആവശ്യമാണോ എന്ന് മുൻ ഇന്ത്യൻ ഓപ്പണർ ചോദിച്ചു.
“സഞ്ജു സാംസണിൻ്റെ അച്ഛൻ വളരെ രസകരമായ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. കോഹ്‌ലി, ധോണി, രോഹിത്, ദ്രാവിഡ് എന്നിവർ തൻ്റെ മകൻ്റെ 10 വർഷത്തെ കരിയർ നശിപ്പിച്ചുവെന്ന് പറഞ്ഞു. അങ്ങനെയൊക്കെ പറയേണ്ട ആവശ്യമുണ്ടായിരുന്നോ.” ആകാശ് ചോദിച്ചു.
സ്വന്തം ഉദാഹരണം ഉദ്ധരിച്ചുകൊണ്ട്, അച്ഛന്മാർ എപ്പോഴും കുട്ടികളോട് പക്ഷപാതം കാണിക്കുമെന്ന് ചോപ്ര കുറിച്ചു.
“ഞാനൊരു അച്ഛനായതുകൊണ്ട് തന്നെ പറയാം, അച്ചന്മാർ പക്ഷപാതിത്വം ഉള്ളവരാണ്. നമ്മുടെ മക്കൾ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്, അവരുടെ ഒരു കുറവും ഞങ്ങൾ കാണുന്നില്ല. സഞ്ജുവിന്റെ അച്ഛൻ്റെ കാര്യത്തിലും അങ്ങനെ തന്നെയായിരിക്കണം. പക്ഷെ നമ്മൾ നമ്മുടെ ഭാഗത്ത് നിന്ന് മാത്രമേ ചിന്തിക്കുന്നുള്ളു. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്.” അദ്ദേഹം നിരീക്ഷിച്ചു.
ഇത്തരം തർക്കങ്ങൾ കൊണ്ട് കാര്യമില്ല എന്ന് കാണിക്കാൻ അദ്ദേഹം മാറ്റര് ഉദാഹരണം കൂടി പറഞ്ഞു.
“യോഗ്‌രാജ് സിങ്ങിൻ്റെയും യുവരാജ് സിങ്ങിൻ്റെയും കാര്യത്തിൽ നമ്മൾ ഇത് കണ്ടതാണ്. യോഗ്‌രാജ് സിംഗ് എന്തൊക്കെയോ പറയുന്നുണ്ട്, എന്താണ് പറയേണ്ടതെന്ന് മനസിലാക്കാൻ യുവിക്ക് പോലും കഴിയുന്നില്ല. അത് തന്നെയാണ് ഇവിടെ സംഭവിച്ചതും” ചോപ്ര പറഞ്ഞു.
തൻ്റെ മകന് വേണ്ടത്ര പിന്തുണ നൽകാത്തതിന് ധോണിയെ യുവരാജിൻ്റെ പിതാവ് യോഗ്‌രാജ് സിംഗ് ആവർത്തിച്ച് കുറ്റപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, 2007 ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പ് വിജയ കാമ്പെയ്‌നുകളിലും ഇന്ത്യയുടെ സ്റ്റാർ പെർഫോമർ യുവി തന്നെ ആ അവകാശവാദങ്ങൾ നിരസിക്കുകയും അത് തൻ്റെ പിതാവിൻ്റെ വീക്ഷണമാണെന്ന് പറയുകയും ചെയ്തു.