അവന്‍ എന്നോട് ദേഷ്യപ്പെട്ടു, ഒഴിവാക്കിയതിന്റെ കാരണം തിരക്കി, അതിനുള്ള ഉത്തരം പറയുക പ്രയാസമായിരുന്നു, കാരണം അവന്‍ ഫോമിലായിരുന്നു; വെളിപ്പെടുത്തലുമായി ഭരത് അരുണ്‍

മികച്ച ഫോമിലായിരുന്നപ്പോഴും സൂപ്പര്‍ പേസര്‍ ഉമേഷ് യാദവിനെ പുറത്തിരുത്തേണ്ടി വന്ന സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ ബോളിംഗ് കോച്ച് ഭരത് അരുണ്‍. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അവസരം ലഭിക്കാത്ത സാഹചര്യങ്ങളില്‍ ഉമേഷ് നിരാശനായി ദേഷ്യപ്പെട്ടിട്ടുണ്ടെന്നും തീരുമാനത്തെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഭരത് അരുണ്‍ വെളിപ്പെടുത്തി.

ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ ഒഴിവാക്കിയതെന്ന് ചോദിച്ചു. എനിക്ക് ഉത്തരം പറയുക പ്രയാസമായിരുന്നു. ടെസ്റ്റില്‍ ഷമിയും ബുംറയും ഉമേഷുമെല്ലാം ഫോമില്‍ കളിക്കുമ്പോള്‍ ആരെ പുറത്തിരുത്തുമെന്നത് തീരുമാനമെടുക്കാന്‍ പ്രയാസമുള്ള കാര്യമാണ്.

ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റ് കളിച്ചിരുന്നപ്പോള്‍ ഇന്ത്യ രണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാരെ മാത്രമാണ് പരിഗണിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഉമേഷ് സ്ഥിരതയോടെ പന്തെറിഞ്ഞിരുന്നപ്പോഴും ഒഴിവാക്കേണ്ടതായി വന്നിട്ടുണ്ട്. ചില സമയത്ത് അവന്‍ വളരെയധികം ദേഷ്യപ്പെടാറുണ്ട്.

ഒഴിവാക്കിയതിന്റെ പേരില്‍ ഒന്നിലധികം ദിവസം എന്നോട് മിണ്ടാതിരുന്നിട്ടുണ്ട്. പിന്നോട് എന്റെ അടുത്തേക്ക് വന്ന് ക്ഷമ പറയും. ഇപ്പോള്‍ കാര്യങ്ങള്‍ മനസിലാക്കിയെന്നും പറയും. അപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞത് ഇപ്പോള്‍ ദേഷ്യപ്പെട്ടില്ലെങ്കില്‍ നിനക്ക് എന്തോ പ്രശ്നമുണ്ടെന്നാണ് കരുതുകയെന്നാണ്.

ഉമേഷ് പ്രതിഭാശാലിയായ താരമാണ്. ഏത് സാഹചര്യത്തിലും തിളങ്ങണമെന്ന് ചിന്തിക്കുന്നവനാണവന്‍. എന്നാല്‍ ടീമിന്റെ പദ്ധതികള്‍ക്കനുസരിച്ചാണ് ചിലപ്പോള്‍ പുറത്തിരുത്തേണ്ട സാഹചര്യം ഉണ്ടാവുന്നത്- ഭരത് അരുണ്‍ പറഞ്ഞു.