പാകിസ്ഥാന്‍ സൈന്യത്തിന്റെ ബജറ്റ് കൂട്ടാന്‍ പുല്ലു തിന്നാനും തയ്യാറാണെന്ന് മുന്‍ പാകിസ്ഥാന്‍ താരം ശുഐബ് അക്തര്‍. എആര്‍ഐ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അക്തര്‍ ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാനിലെ പൊതുജനത്തിന് സായുധ സൈന്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തത് എന്തു കൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അക്തര്‍ പറഞ്ഞു.
“ദൈവം എന്നെങ്കിലും എനിക്കൊരു അവസരം തന്നാല്‍ (ജീവന്‍ നിലനിര്‍ത്താന്‍) പുല്ലു തിന്നിട്ടാണെങ്കിലും ഞാന്‍ സൈനികര്‍ക്കായുള്ള ബജറ്റ് വിഹിതം വര്‍ദ്ധിപ്പിക്കും.” അക്തര്‍ പറഞ്ഞു. അവസരം കിട്ടിയാല്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ ആത്മവീര്യം ഉയര്‍ത്താന്‍ താന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചും അക്തര്‍ വാചാലനായി.
“എന്നെ നേരില്‍ കണ്ടു മാത്രം തീരുമാനങ്ങള്‍ എടുക്കാന്‍ ഞാന്‍ എന്റെ സൈനിക മേധാവിയോട് ആവശ്യപ്പെടും. ബജറ്റ് 20 ശതമാനമാണെങ്കില്‍ ഞാന്‍ അതിനെ 60 ശതമാനമാക്കി ഉയര്‍ത്തും. നമ്മള്‍ പരസ്പരം അപമാനിക്കുകയാണെങ്കില്‍, നഷ്ടം നമുക്കു തന്നെയാണെന്ന് തിരിച്ചറിയുക.” അക്തര്‍ പറഞ്ഞു.
1999-ല്‍ നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനായി ഒന്നേ മുക്കാല്‍ കോടി രൂപയുടെ കൗണ്ടി ക്രിക്കറ്റ് കരാര്‍ ഒഴിവാക്കിയതായി അടുത്തിടെ അക്തര്‍ വെളിപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ട് കൗണ്ടി ടീമായ നോട്ടിങ്ഹാംഷെയറുമായുള്ള കരാറാണ് വേണ്ടെന്നു വെച്ചതെന്നാണ് അക്തര്‍ അന്ന് പറഞ്ഞത്.