രാഹുല്‍ദ്രാവിഡിന്റെ കാലം മുതല്‍ എപ്പോഴും താരസമ്പന്നമാണ് ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍. ജേതാക്കളായ എല്ലാ വിഭവങ്ങളും അനേകം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരും വന്നു പോയെങ്കിലൂം ടീമിന്റെ ഏറ്റവും വലിയ ദൗര്‍ഭാഗ്യം കപ്പടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്. ഇത്തവണ വിധികള്‍ മാറ്റിമറിക്കാനുള്ള നീക്കത്തിലാണ് ആര്‍.സി.ബി.
മികച്ച താരങ്ങളെ അണിയറയില്‍ എത്തിക്കണം എന്നതിനൊപ്പം ടീമിനെ നയിക്കാന്‍ മികച്ച ഒരു ക്യാപ്റ്റന്‍ കൂടി വേണമെന്നതാണ് റോയല്‍ ചലഞ്ചേഴ്‌സ് ഇത്തവണ നേരിടുന്ന വെല്ലുവിളി. കോലി ക്യാപ്റ്റന്‍ സ്ഥാനൊഴിഞ്ഞതിനാല്‍ പുതിയ സീസണില്‍ നായകനെ കണ്ടെത്തണമെന്നിരിക്കെ ദക്ഷിണാഫ്രിക്കയുടെ മൂന്‍ നായകന്‍ ഡീകോക്ക്, ഇംഗ്‌ളണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ എന്നിവരില്‍ ഒരാളെ ലേലത്തില്‍ പിടികൂടുകയാണ് ബംഗലുരു ലക്ഷ്യമിടുന്നത്. നിലവില്‍ വിരാട്‌കോഹ്ലി, മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ് എന്നിവരെ ആര്‍സിബി ഈ സീസണിലും നില നിര്‍ത്തിയിട്ടുണ്ട്.
മെഗാലേലത്തില്‍ 57 കോടി ചെലവഴിക്കാനിരിക്കുന്ന ഫ്രാഞ്ചൈസിയ്ക്ക് ഏഴു വിദേശതാരങ്ങളുടെ ക്വാട്ടാ കൂടിയുണ്ട്. ഡീകോക്ക് എത്തിയാല്‍ ക്യാപ്റ്റന്‍സിയും വിക്കറ്റ് കീപ്പിംഗിനും വേറെ ആളെ തേടിപ്പോകേണ്ട കാര്യമില്ല. ഡീകോക്കിനെ കിട്ടുന്നില്ല എന്നുണ്ടെങ്കില്‍ അടുത്ത ഓപ്ഷന്‍ ജോണി ബെയര്‍സ്‌റ്റോയാണ്. ആര്‍സിബിയെ വളരെ മികച്ച രീതിയില്‍ ചുരുങ്ങിയത് അടുത്ത നാലു വര്‍ഷത്തേക്കെങ്കിലും നയിക്കാന്‍ താരത്തിനാവും. രണ്ടു കോടിയാണ് ലേലത്തില്‍ ഡികോക്കിന്റെ അടിസ്ഥാന വില. താരത്തെ സ്വന്തമാക്കാന്‍ അഞ്ചുകോടിയെങ്കിലും വേണ്ടി വരും.
മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഓസ്ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് എന്നിവരെയാണ് ലേലത്തിനു മുമ്പ് ആര്‍സിബി നിലനിര്‍ത്തിയത്. കോലിക്കു 15 കോടിയും മാക്സ്വെല്ലിനു 11 കോടിയും സിറാജിനു ഏഴു കോടിയുമാണ് ആര്‍സിബിക്കു ചെലവായത്.