തിലക് വര്‍മ ലോകകപ്പ് ടീമിലുണ്ടാകുമോ?; പ്രതികരിച്ച് രോഹിത് ശര്‍മ

അരങ്ങേറ്റത്തില്‍ ഞെട്ടിച്ച തിലക് വര്‍മയ്ക്ക് ലോകകപ്പ് സ്‌ക്വാഡില്‍ ഇടംനല്‍കണമെന്ന ആവശ്യം ശക്തമാണ്. പ്രമുഖ താരങ്ങളടക്കം ഈ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തിലക് ലോകകപ്പ് ടീമിലുണ്ടാകുമോ എന്ന കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

തിലകിന്റെ പ്രകടനം കാണാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. ഈ പ്രായത്തില്‍ തന്നെ അവന്‍ കാണിക്കുന്ന പക്വത അപാരമാണ്. റണ്‍സ് നേടാനുള്ള ദാഹം അവനുണ്ട്. അതാണ് ഏറ്റവും പ്രധാനം. തന്റെ ബാറ്റിംഗിനെക്കുറിച്ച് വ്യക്തമായ ധാരണയും എപ്പോള്‍ അടിക്കണം ഏത് സാഹചര്യത്തില്‍ എങ്ങനെ കളിക്കണം എന്നതിനെക്കുറിച്ചെല്ലാം വ്യക്തമായ ബോധ്യവും തിലകിനുണ്ട്.

അത് മാത്രമാണ് അവനെക്കുറിച്ച് എനിക്ക് പറയാനുള്ളത്. ലോകകപ്പ് ടീമില്‍ അവനുണ്ടാകുമോ എന്നൊന്നും എനിക്ക് പറയാനാവില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്, അവന്‍ ഇന്ത്യക്കായി കളിച്ച കുറച്ചു മത്സരങ്ങളില്‍ തന്നെ പ്രതിഭാധനനാണെന്ന് തെളിയിച്ചു കഴിഞ്ഞു- രോഹിത് പറഞ്ഞു.

കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനായി പുറത്തെടുത്ത മികച്ച പ്രകടനത്തിലൂടെയാണ് തിലക് വര്‍മ്മയ്ക്ക് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിലേക്ക് വിളിയെത്തിയത്.

Read more

 അഞ്ച് ടി20കളുടെ പരമ്പരയില്‍ ആദ്യ മൂന്ന് കളികളില്‍ 39, 51, 49* എന്നിങ്ങനെയാണ് തിലക് വര്‍മ്മയുടെ സ്‌കോറുകള്‍. ഇതോടെ താരം ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 46ലെത്തി.