2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ടീമിന്റെ നിലപാട് വ്യക്തമാക്കി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. 2025 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. പാകിസ്ഥാനാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
ചാമ്പ്യന്‍ ട്രോഫിയുടെ കാര്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് ഞങ്ങളോട് പറയുന്നതെന്തും ഞങ്ങള്‍ ചെയ്യും. ഇന്ത്യാ ഗവണ്‍മെന്റ് ഞങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ മാത്രമേ ഞങ്ങള്‍ ഞങ്ങളുടെ ടീമിനെ അയക്കൂ. അതിനാല്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനമനുസരിച്ച് പോകും രാജീവ് ശുക്ല പറഞ്ഞു.
പാകിസ്ഥാനിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട ബിസിസിഐയുടെ നിലപാട് കാരണം കഴിഞ്ഞ ഏഷ്യാ കപ്പ് 2023 ഒരു ഹൈബ്രിഡ് ഫോര്‍മാറ്റിലേക്ക് മാറ്റിയിരുന്നു. ശ്രീലങ്ക ചില മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷം കാരണം ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് രാജീവ് ശുക്ലയുടെ പ്രസ്താവന.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെയും സാരമായി ബാധിച്ചു. 2012-13 മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പരമ്പരകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഐസിസി ടൂര്‍ണമെന്റുകളും ഏഷ്യാ കപ്പിലും മാത്രമാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്.
അടുത്തിടെ, പിസിബി (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ക്കുള്ള ഏക വേദിയായി ലാഹോറിനെ നിയമിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ഈ തീരുമാനം. ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കാന്‍ പിസിബി കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ മൂന്ന് സ്ഥലങ്ങള്‍ ലോക്ക ചെയ്‌തെന്നാണ് അറിയുന്നത്.