അടുത്ത വര്‍ഷം ന്യൂസിലാന്‍ഡില്‍ നടക്കാനിരിക്കുന്ന വനിത ഏകദിന ലോക കപ്പിന്റെ ഫിക്‌സ്ചറുകള്‍ പുറത്തുവിട്ടു. ഉദ്ഘാടന മത്സരത്തില്‍ മാര്‍ച്ച് 4ന് ആതിഥേയരായ ന്യൂസിലാന്‍ഡ് വെസ്റ്റിന്‍ഡീസിനെ നേരിടും.
ചിരവൈരികളായ പാകിസ്ഥാന് ഇന്ത്യയുടെ ആദ്യ എതിരാളി. മാര്‍ച്ച് 6നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം. ഇക്കഴിഞ്ഞ പുരുഷ ടി20 ലോക കപ്പിലും പാകിസ്ഥാനായിരുന്നു ഇന്ത്യയുടെ ആദ്യ എതിരാളി. ഈ മത്സരത്തില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഈ കണക്കുകൂടി തീര്‍ക്കാനായിരിക്കും ഇന്ത്യന്‍ വനിതകള്‍ ഇറങ്ങുക.
ടൂര്‍ണമെന്റിലെ 31 മത്സരങ്ങള്‍ 31 ദിവസങ്ങളിലായി നടത്തും. ഫൈനല്‍ ഏപ്രില്‍ 3 ന് ക്രൈസ്റ്റ് ചര്‍ച്ചിലെ ഹാഗ്ലി ഓവലില്‍ നടക്കും. ടൂര്‍ണമെന്റില്‍ 8 ടീമുകളാണ് മത്സരിക്കുന്നത്. ന്യൂസിലാന്‍ഡ്, ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകളാണ് അവ.
ആഫ്രിക്കന്‍ മേഖലയില്‍ അപകടകാരിയായ കോവിഡ് ഒമിക്രോണ്‍ വകഭേദം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വനിത ഏകദിന ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ ഐ.സി.സി റദ്ദാക്കിയിരുന്നു. ഇതോടെ റാങ്കിംഗില്‍ മുന്നിലുള്ള പാകിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത നേടി. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവര്‍ നേരത്തെ നേരിട്ട് യോഗ്യത നേടിയിരുന്നു.