പരിക്കേറ്റ കെ.എല്‍ രാഹുലിന് പകരക്കാരനായി ഇഷാന്‍ കിഷനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ട്വിറ്ററിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ്, ഋതുരാജ് ഗെയ്ക്വാദ്, മുകേഷ് കുമാര്‍ എന്നിവരെ സ്റ്റാന്‍ഡ്ബൈ താരങ്ങളായും ഉള്‍പ്പെടുത്തി.
മെയ് 1ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെ ഫീല്‍ഡിംഗിനിടെ കെഎല്‍ രാഹുലിന് വലതു തുടയുടെ മുകള്‍ ഭാഗത്ത് പരിക്കേറ്റു. വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം, രാഹുലിനെ എത്രയും വേഗം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാനും തുടര്‍ന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പുനരധിവാസം നടത്താനും തീരുമാനിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരിക്കുന്നു- ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.
പരിക്കിന്റെ പിടിയിലുള്ള ഉമേഷ് യാദവിന്റെയും ശാര്‍ദുല്‍ താക്കൂറിന്റെയും ജയദേവ് ഉനദ്കട്ടിന്റെയും കാര്യം. മൂവരും സുഖം പ്രാപിച്ചുവരികയാണ്. ഉമേഷ് യാദവിനെക്കുറിച്ചുള്ള അപ്ഡേറ്റിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെഡിക്കല്‍ ടീം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുമായും (എന്‍സിഎ) ബിസിസിഐ മെഡിക്കല്‍ ടീമുമായും ബന്ധപ്പെട്ടിട്ടുണ്ട്. കെകെആര്‍ മെഡിക്കല്‍ ടീമിന്റെ പരിചരണത്തില്‍ അദ്ദേഹം പരിശീലനം ആരംഭിച്ചു. ഇവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീട് ഉണ്ടാകുമെന്നും ബിസിസിഐ കൂട്ടിച്ചേര്‍ത്തു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്നു ഇഷാന്‍. ജൂണ്‍ 7 മുതല്‍ 11 വരെ ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവലിലാണ് ഫൈനല്‍ നടക്കുന്നത്.