ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന മുംബൈ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ഉപദേശവുമായി സുനില്‍ ഗവാസ്‌കര്‍. വിരാട് കോഹ്‌ലി ചെയ്തുപോലെ രോഹിത്തും ഇടവേളയെടുക്കണമെന്നാണ് ഗവാസ്‌കര്‍ ഉപദേശിക്കുന്നത്. മോശം ഫോമിലായിരുന്ന സമയത്ത് കോഹ്‌ലി ഇടവേളയെടുക്കുകയും ഫോമിലേക്ക് തിരിച്ചെത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.
മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് ഓഡറില്‍ ചില മാറ്റങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ രോഹിത് ശര്‍മ ഇടവേളയെടുത്ത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഒരുങ്ങുകയാണ് വേണ്ടത്. അവസാന മത്സരങ്ങളുടെ സമയത്ത് രോഹിത്തിന് തിരിച്ചെത്താം. എന്നാല്‍ ഇപ്പോള്‍ രോഹിത് ഇടവേള ആവശ്യപ്പെടുന്നു. ഇപ്പോള്‍ സമ്മര്‍ദ്ദത്തോടെയാണ് രോഹിത്തിനെ കാണുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെകുറിച്ച് ഓര്‍ത്തിട്ടാകാം. ഇപ്പോഴത്തെ അവസ്ഥയില്‍ രോഹിത്തിന് ഇടവേള അത്യാവശ്യമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. അവസാന മത്സരങ്ങള്‍ കളിച്ച് താളം കണ്ടെത്തി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനും സാധിക്കും- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ഐപിഎലില്‍ നായകനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും രോഹിത് നിരാശപ്പെടുത്തുകയാണ്. കഴിഞ്ഞ 28 ഇന്നിംഗ്സില്‍ നിന്ന് ഒരു ഫിഫ്റ്റി മാത്രമാണ് രോഹിത്തിന് നേടാനായത്.