താൻ ഉണ്ടെങ്കിൽ ന്യൂസിലൻഡിന്റ് പരമ്പര തോൽക്കുമായിരുന്നോ? ഇനി ഇന്ത്യക്കായി എന്ന് ഇറങ്ങും; വമ്പൻ വെളിപ്പെടുത്തലുകൾ നടത്തി അജിങ്ക്യ രഹാനെ

സ്വന്തം നാട്ടിൽ ന്യൂസിലൻഡിനെതിരായ പരമ്പര തോൽവിയിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തൻ്റെ അഭാവത്തെക്കുറിച്ച് സംസാരിക്കാൻ മുംബൈ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ വിസമ്മതിച്ചു. ടോം ലാതമിൻ്റെ നേതൃത്വത്തിൽ കിവി ടീം ഇന്ത്യയെ 3-0ന് തോൽപിച്ചു, ഉപഭൂഖണ്ഡത്തിൽ 12 വർഷത്തിന് ശേഷം ആണ് ഇന്ത്യ തോൽവിയെറ്റ് വാങ്ങുന്നത്.

2023ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് അജിങ്ക്യ രഹാനെ അവസാനമായി ഇന്ത്യക്കായി കളിച്ചത്. അതിനുശേഷം ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ എന്നിവരാണ് ഇന്ത്യൻ മധ്യനിരയിൽ കളിച്ചത്. ബംഗ്ലാദേശിനും ന്യൂസിലൻഡിനുമെതിരായ ഹോം ടെസ്റ്റ് മത്സരങ്ങളിൽ വെറ്ററൻ താരത്തെ പരിഗണിച്ചില്ല. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ രോഹിത് ശർമയുടെ ടീമും ഓസ്‌ട്രേലിയയോട് 1-3ന് തോറ്റിരുന്നു.

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഹരിയാനയ്‌ക്കെതിരെ മുംബൈ ജയിച്ചു കയറിയപ്പോൾ അതിൽ രഹാനെ വഹിച്ച പങ്ക് വലുതായിരുന്നു. താൻ ഉണ്ടായിരുന്നെങ്കിൽ കിവീസിന് എതിരെ ഇന്ത്യ തോൽക്കുമായിരുന്നോ എന്ന ചോദ്യത്തിനാണ് രഹാനെ മറുപടി പറഞ്ഞത്. “ദയവായി ഈ രഞ്ജി ട്രോഫിയെക്കുറിച്ചുള്ള ചോദ്യം ചോദിക്കൂ. എൻ്റെ ജോലി ക്രിക്കറ്റ് കളിക്കുക എന്നതാണ്, ഞാൻ ഇപ്പോൾ മുംബൈയെ പ്രതിനിധീകരിക്കുന്നു, ആഭ്യന്തര ടീമിനായി എൻ്റെ ഏറ്റവും മികച്ചത് നൽകുക എന്നതാണ് എൻ്റെ ശ്രദ്ധ. എനിക്ക് ഇന്ത്യയ്‌ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം, അതിൽ എനിക്ക് ആത്മവിശ്വാസമുണ്ട്, പക്ഷേ ഇപ്പോൾ വർത്തമാനകാലത്ത് ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

” ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് ധാരളം സമയം ഉണ്ട്. അതിൽ തിരിച്ചുവരാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. എന്തായാലും ഇന്ത്യക്ക് വേണ്ടി കളിക്കാനുള്ള വിശപ്പ് കുറഞ്ഞിട്ടില്ല.” അദ്ദേഹം പറഞ്ഞു.

എന്തായാലും മധ്യനിരയിൽ രഹാനെ പോലെ ഉള്ള താരങ്ങളുടെ അഭാവം ഇപ്പോൾ ഇന്ത്യക്ക് പ്രശ്നമായി വരുന്നു എന്നാണ് പറയുന്നത്.