ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ പുരോഗമിക്കുകയാണ്. കന്നിക്കിരീടം തേടി ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് കലാശപ്പോരില്‍ ഏറ്റുമുട്ടുന്നത്. ഒന്നാം ദിനവും നാലാം ദിനവും മഴ കാരണം പൂര്‍ണമായും നഷ്ടപ്പെട്ടതിനാല്‍ ഫൈനല്‍ സമനിലയില്‍ കലാശിക്കാനുള്ള സാഹചര്യമാണ് തെളിഞ്ഞിരിക്കുന്നത്. സതാംപ്ടണിലെ ഫൈനല്‍ മത്സരം കഴിയുന്നതോടെ മറ്റ് പ്രധാന ടീമുകളിലെ നായകന്മാരുടെ സ്ഥാനം തെറിച്ചേക്കുമെന്നാണ് കരുതുന്നത്.
ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്‍ ടീമുകള്‍ ഉള്‍പ്പടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാത്ത സാഹചര്യത്തില്‍ അവര്‍ ടെസ്റ്റ് ക്യാപ്റ്റന്‍മാരെ മാറ്റാന്‍ സാധ്യതയുണ്ട്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ഓസീസ് നായകന്‍ ടിം പെയ്ന്‍, വിന്‍ഡീസ് നായകന്‍ ജാസണ്‍ ഹോള്‍ഡര്‍, ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ എന്നിവരുടെ നായക സ്ഥാനങ്ങളാവും തെറിക്കുക.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആറു പരമ്പരകളിലായി 21 ടെസ്റ്റുകളായിരുന്നു ഇംഗ്ലണ്ടിനുണ്ടായിരുന്നത്. ഇതില്‍ 11 എണ്ണത്തില്‍ അവര്‍ ജയിച്ചപ്പോള്‍ ഏഴെണ്ണത്തില്‍ പരാജയപ്പെട്ടു. മൂന്നു ടെസ്റ്റുകള്‍ സമനിലയിലും പിരിഞ്ഞു. നാലു പരമ്പരകളിലായി 14 ടെസ്റ്റുകളായിരുന്നു ഓസീസിനുണ്ടായിരുന്നത്. ഇവയില്‍ 14 എണ്ണത്തില്‍ അവര്‍ ജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ തോല്‍വിയും രണ്ടെണ്ണത്തില്‍ സമനിലയും വഴങ്ങി.
ആറു പരമ്പരകളിലായി 12 ടെസ്റ്റുകളാണ് വിന്‍ഡീസ് ടീം കളിച്ചത്. ഇവയില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ചപ്പോള്‍ ഏഴു ടെസ്റ്റുകളില്‍ തോറ്റു. രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു. 10 ടെസ്റ്റുകളാണ് കരുണരത്നെയ്ക്കു കീഴില്‍ ലങ്ക കളിച്ചത്. ഇതില്‍ രണ്ടെണ്ണത്തില്‍ ടീം ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയിലും നാലെണ്ണം തോല്‍വിയിലും കലാശിച്ചു.