ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനലിന്റെ ആദ്യദിനം മഴ കാരണം ഉപേക്ഷിക്കപ്പെട്ടതോടെ പരിഹാസവുമായി ഇംഗ്ലണ്ട് മുന്‍ താരം മൈക്കല്‍ വോണ്‍. ഇന്ത്യയെ കാലാവസ്ഥ രക്ഷിച്ചതായി താന്‍ കാണുന്നുവെന്നായിരുന്നു പരിഹാസരൂപേണ വോണ്‍ ട്വിറ്ററില്‍ കുറിച്ചത്.
വോണിന്റെ ട്വീറ്റ് പുറത്തു വന്നതിനു പിന്നാലെ പരിഹാസത്തിന് ചുട്ടമറുപടിയുമായി ആരാധകര്‍ രംഗത്ത് വന്നു. ഇംഗ്ലണ്ട് ടീമിന്റെ രഹസ്യം മൈക്കല്‍ വോണ്‍ വെളിപ്പെടുത്തിയിരിക്കുന്നു, ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീം ഇങ്ങനെയാണ് രക്ഷപ്പെട്ടത് എന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
ജിമ്മിക്കു വിക്കറ്റൊന്നും കിട്ടാന്‍ പോവുന്നില്ല.. ഓ! ഇംഗ്ലണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടിയിട്ടില്ല അല്ലേ. വളരെ ദുഃഖകരമായിരിക്കുന്നു എന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം. ഓ, സതാംപ്ടണില്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ മഴ പെയ്യുന്നതെന്നു എനിക്കു മനസ്സിലായി. കരച്ചില്‍ നിര്‍ത്തൂ മൈക്കല്‍ വോണ്‍, വേറൊരു യൂസര്‍ പരിഹസിച്ചു.
സതാംപ്ടണില്‍ മഴ തകര്‍ത്തു പെയ്തതോടെ ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ സെഷന്‍ പൂര്‍ണമായും മഴയില്‍ “ഒലിച്ചുപോയി”. ടോസ് ഇടാന്‍ പോലും കഴിഞ്ഞില്ല. ഇതോടെയാണ് ആദ്യ ദിവസത്തെ കളി വേണ്ടെന്നു വെയ്ക്കാന്‍ തീരുമാനിച്ചത്. മത്സരത്തില്‍ റിസര്‍വ് ദിനം കൂടിയുള്ളതിനാല്‍ ആദ്യ ദിവസം കളി തടസപ്പെട്ടാലും പ്രശ്‌നങ്ങളില്ല.