ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനല്‍ മത്സരം സതാപ്ടണില്‍ നടക്കുകയാണ്. മത്സരത്തിന്റെ ആദ്യ ദിനം മുഴുവനായും മഴയെടുത്തപ്പോള്‍ രണ്ടും മൂന്നും ദിനങ്ങളില്‍ മഴ ക്രിക്കറ്റ് ആരാധകരോട് കാരുണ്യം കാണിച്ചു. ഈ കാരുണ്യം നാലാം ദിനം പ്രകൃതിയ്ക്കുണ്ടായില്ല. ശക്തമായ മഴയാണ് സതാംപ്ടണില്‍ ഇപ്പോള്‍ പെയ്തു കൊണ്ടിരിക്കുന്നത്.
കളി നടന്നാല്‍ മത്സര ഫലത്തെ ഏറെ സ്വാധീനിക്കുമായിരുന്ന ദിനമായിരുന്നു ഇന്നത്തേത്. എന്നാല്‍ മഴ തോരാതെ തുടരുന്നത് ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ആദ്യ ദിനത്തേപോലെ നാലാം ദിനവും പൂര്‍ണമായും മഴയെടുത്താല്‍ മത്സരം സമനിലയില്‍ കലാശിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
മത്സരത്തില്‍ റിസര്‍വ് ദിനം കൂടിയുണ്ട് എന്നിരുന്നാലും ഇന്ന് കളി നടന്നില്ലെങ്കില്‍ മത്സരം സമനിലയാകാതിരിക്കാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം മറിച്ച് ഇന്ന് ന്യൂസിലന്‍ഡിന് ബാറ്റിംഗിന് ഇറങ്ങുകയും ഇന്ത്യയ്‌ക്കെതിരെ ലീഡ് നേടുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കടുപ്പമാകും. നിലവില്‍ ശക്തമായ മഴയാണ് സതാംപ്ടണില്‍ എന്നതിനാല്‍ ഗ്രൗണ്ടിലെ ഈര്‍പ്പം ന്യൂസിലന്‍ഡിന് കാര്യങ്ങള്‍ പ്രയാസകരമാക്കും.
നാളെയും ഇന്നത്തേക്കാള്‍ അധികം മാഴ സാധ്യതയാണ് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അഞ്ചാം ദിനം 85 ശതമാനവും മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം. അതിനാല്‍ തന്നെ ഇന്ന് ചുരുങ്ങിയത് നാല് മണിക്കൂറെങ്കിലും ന്യൂസിലന്‍ഡിന് കിട്ടിയില്ലെങ്കില്‍ സമനില തന്നെ പ്രതീക്ഷിക്കാം.