ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി കാത്തിരിക്കുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് അശുഭ വാര്‍ത്ത. കളി നടക്കുന്ന സതാപ്ടണില്‍ മഴ ഭീഷണി നിലനില്‍ക്കുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. കളി ആരംഭിക്കുന്ന ഇന്ന് രാവിലെ ആറു മുതല്‍ ശനിയാഴ്ച രാവിലെ വരെ ഇവിടെ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇതോടെ ആദ്യദിനത്തിലെ കളി മഴയിലോ വെളിച്ചക്കുറവിനാലോ മുടങ്ങാനോ താമസിച്ച് തുടങ്ങാനോ നിര്‍ത്തിവയ്ക്കാനോ സാദ്ധ്യതയുണ്ട്.
ഇന്ന് മഴ പെയ്യാന്‍ 80 ശതമാനം സാദ്ധ്യതയാണുള്ളത്. സതാംപ്ടണിലെ ചില ഭാഗങ്ങളില്‍ ഇന്ന് 40 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. രണ്ടും മൂന്നും നാലും ദിവസം മഴയ്ക്ക് സാദ്ധ്യത 70 ശതമാനം. അവസാന ദിവസം 40 ശതമാനമാണ് മഴയ്ക്കുള്ള സാദ്ധ്യത. ഫൈനലിന്റെ റിസര്‍വ് ഡേയായ ജൂണ്‍ 23നും മഴ മുന്നറിയിപ്പുണ്ട്.
ടോസ് മത്സരത്തില്‍ ഏറെ നിര്‍ണായകമാകും. ടോസ് നേടുന്നവര്‍ ബോളിംഗ് തിരഞ്ഞെടുക്കാനാണ് സാദ്ധ്യത കൂടുതല്‍. ന്യൂസിലന്‍ഡിനെതിരെ അഞ്ച് ടെസ്റ്റുകളിലാണ് കോഹ്‌ലി ഇതുവരെ ഇന്ത്യയെ നയിച്ചത്. കോഹ്‌ലി ടോസ് നേടിയ 3 ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചു. ടോസ് നഷ്ടപ്പെട്ട 2 ടെസ്റ്റുകളിലും തോറ്റു.
വില്യംസണിനും കൂട്ടര്‍ക്കും ഇംഗ്ലണ്ടിനെതിരായ പരമ്പര ജയം ആത്മവിശ്വാസം നല്‍കുന്നതാണ്. മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കില്‍ കിവീസ് പേസര്‍മാര്‍ ഇന്ത്യക്ക് മുകളില്‍ വലിയ ഭീഷണി തീര്‍ത്തേക്കും. മഴ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ ടോസ് നഷ്ടപ്പെടുന്നതും ആദ്യം ബാറ്റു ചെയ്യേണ്ടി വരുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.