കാലാവസ്ഥ പ്രവചനങ്ങളെ കാറ്റില്‍ പറത്തി സതാംപ്ടണില്‍ മാനം തെളിഞ്ഞു. ഇന്നു രാവിലെ മുതല്‍ സതാംപ്ടണില്‍ തെളിഞ്ഞ കാലാസ്ഥയാണ് ലഭിക്കുന്നത്. ഇതോടെ ഇന്ന് മത്സരം നടക്കുമെന്ന കാര്യം ഉറപ്പായി. മഴയില്‍ കുളിരാതെ ഇന്നത്തെ മുഴുവന്‍ സമയവും കളിക്കാനായാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ ഒരു ടീമിന് അനുകൂലമാകുന്ന അവസ്ഥയിലേക്ക് നയിച്ചേക്കും.
ഇന്നും നാളെയും കളി നടന്നാല്‍ രണ്ട് ടീമിനും കൂടി പരമാവധി 190 ഓവറാണ് ലഭിക്കുക. കളിയുടെ ഗതിയെ മാറ്റി മറിക്കാന്‍ ഇത് ധാരാളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മഴയും വെളിച്ചക്കുറവും വില്ലനായെത്തിയാല്‍ സമനില തന്നെയായിരിക്കും ഫലം. എന്നിരുന്നാലും നിലവിലെ കാലാവസ്ഥ മികച്ചതാണ്.
അഞ്ചാം ദിനമായ ഇന്നും സതാംപ്ടണില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു നേരത്തത്തെ കാലാവസ്ഥ പ്രവചനം. 94 ശതമാനം ആകാശം മേഘാവൃതമായിരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അതില്‍ നിന്നും തികച്ചു വിപരീതമായ കാലാവസ്ഥയാണ് സതാംപ്ടണില്‍ ഇപ്പോഴുള്ളത്. റിസര്‍വ് ദിനമായ നാളെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാംദിനം 217 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഒന്നാം ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡ് രണ്ടിന് 101 റണ്‍സ് എന്ന നിലയിലാണ്. വില്യംസണും ടെയ്‌ലറുമാണ് ക്രീസില്‍.