ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനലിന്റെ ആദ്യദിനം മഴ കാരണം ടോസ് പോലും ഇടാനാവാതെ ഉപേക്ഷിക്കപ്പെട്ടെങ്കിലും രണ്ടാം ദിനം ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വാസം നല്‍കി. മഴ മാറി നിന്ന രണ്ടാം ദിനത്തില്‍ വെളിച്ചക്കുറവാണ് പ്രശ്‌നമായത്. മഴ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൂന്നാം ദിനം എന്താകുമെന്ന ആശങ്കയിലാണ് ആരാധകര്‍.
മൂന്നാം ദിനമായ ഇന്നും സതാംപ്ടണില്‍ മഴ മുന്നറിയിപ്പുണ്ട്. കളിയുടെ ആദ്യ സെക്ഷന്‍ മഴയെടുക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ മഴ കുറയുകയും തെളിഞ്ഞ അന്തരീക്ഷത്തിലേക്ക് കാലാവസ്ഥ എത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മത്സരത്തില്‍ റിസര്‍വ് ദിനം കൂടിയുള്ളതിനാല്‍ കളി തടസപ്പെട്ടത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കില്ല. എന്നിരുന്നാലും ഇനിയുള്ള ദിവസങ്ങളില്‍ മഴ അധികം മത്സരം കവര്‍ന്നാല്‍ കളിയുടെ ശോഭ കെടും.
Read more
ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാംദിനം വെളിച്ചക്കുറവു മൂലം കളി അവസാനിപ്പിക്കുമ്പോള്‍ 65 ഓവറില്‍ മൂന്നു വിക്കറ്റിന് 146 റണ്‍സെടുത്തിട്ടുണ്ട്. കോഹ്‌ലി (44*), അജിങ്ക്യ രഹാനെ (29*) എന്നിവരാണ് ക്രീസില്‍. രോഹിത് ശര്‍മ (34), ശുഭ്മാന്‍ ഗില്‍ (28), ചേതേശ്വര്‍ പുജാര (8) എന്നിവരാണ് പുറത്തായത്.