IPL 2025: എന്നോട് മുട്ടാന്‍ നീ ആയിട്ടില്ല ചെക്കാ, മത്സരശേഷം സ്റ്റാര്‍ക്കും ജയ്‌സ്വാളും നേര്‍ക്കുനേര്‍, എന്നാലും ഇത് വേണ്ടായിരുന്നുവെന്ന് ആരാധകര്‍, വീഡിയോ വൈറല്‍

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ ആരാധകരില്‍ ആവേശം നിറച്ച പോരാട്ടമായിരുന്നു യശസ്വി ജയ്‌സ്വാളും മിച്ചല്‍ സ്റ്റാര്‍ക്കും തമ്മിലുളളത്. അന്ന് നിങ്ങളുടെ പന്തുകള്‍ക്ക് വേഗം പോരെന്ന് പറഞ്ഞ് ജയ്‌സ്വാള്‍ സ്റ്റാര്‍ക്കിനെ കളിയാക്കിയിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാരെ സ്റ്റാര്‍ക്ക് സ്ലെഡ്ജ് ചെയ്തതിന് പിന്നാലെയായിരുന്നു ജയ്‌സ്വാള്‍ ക്രീസില്‍ വച്ച് സ്റ്റാര്‍ക്കിനെ കളിയാക്കിയത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ രാജസ്ഥാന്‍-ഡല്‍ഹി മത്സരത്തില്‍ ഇവര്‍ വീണ്ടും ഏറ്റുമുട്ടിയത്. സ്റ്റാര്‍ക്കിന് രാജസ്ഥാന്‍ ഓപ്പണറായ ജയ്‌സ്വാള്‍ കണക്കിന് കൊടുത്തിരുന്നു. എന്നാല്‍ അവസാന ഓവറുകളിലെ ഡെത്ത് ബോളിങ്ങിലൂടെ രാജസ്ഥാന്റെ വിജയം ഇല്ലാതാക്കി കളി ഡല്‍ഹിക്ക് അനൂകുലമാക്കാന്‍ സ്റ്റാര്‍ക്കിന് സാധിച്ചു.

കൂടാതെ സൂപ്പര്‍ ഓവറിലും ഓസ്‌ട്രേലിയന്‍ താരം തന്റെ ബോളിങ് മികവ് ആവര്‍ത്തിച്ചതോടെ രാജസ്ഥാനെതിരെ ഡല്‍ഹി വിജയം നേടുകയായിരുന്നു. മത്സരശേഷം സ്റ്റാര്‍ക്കും ജയ്‌സ്വാളും തമ്മിലുളള ഒരു സംഭാഷണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വീഡിയോയില്‍ രാജസ്ഥാന്‍ താരം നിതീഷ് റാണയും ഇവര്‍ക്കൊപ്പമുണ്ട്. “ലെജന്‍ഡ് നിങ്ങള്‍ക്ക് സുഖമാണോ”? എന്ന് ചോദിച്ചാണ് ജയ്‌സ്വാള്‍ സ്റ്റാര്‍ക്കുമായി പരിചയം പുതുക്കുന്നത്.

കൂടാതെ കളിയിലെ മികവിന് സ്റ്റാര്‍ക്കിനെ യുവതാരം പ്രശംസിക്കുകയും ചെയ്തു. “നിങ്ങള്‍ വളരെ നന്നായി കളിച്ചു. വളരെ നന്നായി പന്തെറിഞ്ഞു” എന്നാണ് ജയ്‌സ്വാള്‍ ഡല്‍ഹി താരത്തോട് പറഞ്ഞത്. മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി ജയ്‌സ്വാള്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു. 37 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് താരം നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് ആവട്ടെ നാല് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി.