അതേടാ ഞാൻ തല ഫാൻ ആണ് ഇനിയും അത് ആയിരിക്കും, എന്നെ ആരും കുറ്റം പറയേണ്ട; വിമർശനങ്ങളോട് പ്രതികരണവുമായി അമ്പാട്ടി റായിഡു

ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) ഐക്കൺ എം‌എസ് ധോണിയുടെ വലിയ ആരാധകനായി തന്നെ ചിത്രീകരിച്ചതിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിൽ മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ അമ്പാട്ടി റായിഡു ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. സി‌എസ്‌കെയ്‌ക്കായി ആറ് സീസണുകൾ കളിച്ചിട്ടുള്ള റായിഡുവിന്, ഫ്രാഞ്ചൈസിക്കും ധോണിക്കും നൽകുന്ന തുടർച്ചയായ പിന്തുണയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ധാരാളം നെഗറ്റീവ് സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എക്‌സിൽ (മുമ്പ് ട്വിറ്റർ) റായിഡു, താൻ ‘തല’യുടെ ആരാധകനാണെന്ന് വീണ്ടും പ്രഖ്യാപിച്ചു. ആരാധകരെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

“ഞാനും തലയുടെ ആരാധകനായിരുന്നു. ഞാൻ തലയുടെ ആരാധകനാണ്. ഞാൻ എപ്പോഴും തലയുടെ ആരാധകനായിരിക്കും. ആരെന്തു വിചാരിച്ചാലും ചെയ്താലും ഒരു ശതമാനം പോലും വ്യത്യാസമുണ്ടാകില്ല. അതുകൊണ്ട് ദയവായി പണമടച്ചുള്ള പിആറിൽ പണം ചെലവഴിക്കുന്നത് നിർത്തി അത് ചാരിറ്റിക്ക് സംഭാവന ചെയ്യുക. നിരവധി പിന്നാക്കക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും,” റായിഡു എക്‌സിൽ പോസ്റ്റ് ചെയ്തു.

അതേസമയം ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി തവണ ഫൈനലിൽ എത്തിയവർ, നിരവധി പ്ലേ ഓഫ് പ്രവേശനം, അങ്ങനെ ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച ടീം ഈ കളത്തിൽ എല്ലാം ജയിച്ചുകയറാണ് കാരണം അവരുടെ ടീം മൊത്തത്തിൽ ഉള്ള കൂട്ടായ പ്രവർത്തനം ആയിരുന്നു. എന്നാൽ ഈ സീസണിൽ കാര്യങ്ങൾ അവരുടെ കൈയിൽ നിന്ന് പോകുകയാണ്.

ഒരു ടീം എന്ന നിലയിൽ ഒന്നും ചെയ്യാനാകാതെ, ആർക്കും ജയിക്കണം എന്ന വാശി ഇല്ലാതെ, താരങ്ങൾ എല്ലാം മോശം ഫോമിൽ കളിക്കുന്ന ചെന്നൈ ഇപ്പോൾ മോശം അവസ്ഥയിലാണ്. മുംബൈക്ക് എതിരായ ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും പിന്നെ ഉള്ള മത്സരങ്ങൾ ടീം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 25 റൺസിനാണ് ടീം പരാജയം ഏറ്റുവാങ്ങിയത്.

Read more

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ ബാറ്റിങ്ങിലെ മെല്ലെപോക്കിൽ വിമർശനം ഉയരുന്നതിനിടയിൽ ഐപിഎല്ലിനിടെ വിരമിക്കാൻ പദ്ധതിയില്ലെന്ന പ്രഖ്യാപനവുമായി എം എസ് ധോണി രംഗത്ത് എത്തിയിരിക്കുകയാണ്.